മുംബൈ: പാക് താരങ്ങളെ ഇനി തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ‘യെ ദില്‍ഹെ മുഷ്കി’ലെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയരുതെന്നും കരണ്‍ ജോഹര്‍ അഭ്യര്‍ഥിച്ചു.
സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സന്ദര്‍ഭത്തില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള വികാരം തന്നെയാണ് തനിക്കുള്ളത്. രാജ്യദ്രോഹിയെന്ന് തന്നെ മുദ്ര കുത്തിയതിലുള്ള ദുഃഖത്തിലാണ് വിവാദത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്നത്. ചിത്രത്തിന് വേണ്ടി പ്രയത്നിച്ച മുന്നൂറോളം പേരുടെ കഠിനദ്ധ്വാനം പ്രതിഷേധക്കാര്‍ മറക്കുകയാണെന്നും കരണ്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 28ന് ‘യെ ദില്‍ഹെ മുഷ്കില്‍’ റിലീസ് ചെയ്യാനിരിക്കെയാണ് ഉറി ഭീകരാക്രമണം നടക്കുന്നതും തുടര്‍ന്ന് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്ന ആവശ്യവുമായി എം.എന്‍.എസ് രംഗത്തു വരികയും ചെയ്തത്. പാക് താരം ഫവാദ് ഖാന് അഭിനയിച്ച ‘യെ ദില്‍ഹെ മുഷ്കില്‍’ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചതോടെ നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായി. പാക് താരങ്ങള്‍ അഭിനയിക്കുന്ന വിഷയത്തില്‍ ബോളിവുഡില്‍ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. എന്നാല്‍, പാക് താരങ്ങള്‍ക്ക് പിന്തുണയുമായി ഏറ്റവും അവസാനം രംഗത്തെത്തിയത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്.
Discussion about this post