മുംബൈ: ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഡെറാഡൂണില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യിക്കുന്നതിനിടെയാണ് ഡ്രോണ്‍ ആഷിഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
മുംബൈയില്‍ വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം നിലവിലുള്ളപ്പോഴാണ് ഡ്രോണ്‍ കണ്ടതായി പൈലറ്റ് പറഞ്ഞത്. നീലയും പിങ്കും നിറത്തിലുള്ള ഡ്രോണ്‍ കുര്‍ള ഭാഗത്ത് 100 മീറ്റര്‍ താഴെ പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതായാണ് പൈലറ്റ് പറഞ്ഞത്. പൈലറ്റ് നല്കിയ വിവരം ഇന്റലിജന്‍സ് ബ്യൂറോ, ഭീകര വിരുദ്ധ സ്ക്വാഡ്, സ്പെഷല്‍ ബ്രാഞ്ച് ഓഫ് പോലീസ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ക്ക് കൈമാറിയതായി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിനു പിന്നാലെയാണ് മുംബൈയില്‍ ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. ദീപാവലി, നവരാത്രി ഉത്സവങ്ങളുടെ സമയമായതിനാല്‍ ആക്രമണ സാധ്യത കൂടുതലാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചടിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.
Discussion about this post