ഡല്‍ഹി: രണ്ടാം ഏകദിനത്തില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. സെഞ്ച്വറി നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് കീവീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 14 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 128 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത വില്ല്യംസണിനെ അമിത് മിശ്ര പുറത്താക്കി.
സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പേ ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിനെ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കിവീസിനെ രണ്ടാം വിക്കറ്റില്‍ ടോം ലാഥമും വില്ല്യംസണും ചേര്‍ന്നാണ് രക്ഷിച്ചത്.
46 റണ്‍സെടുത്ത് നില്‍ക്കെ ലാഥം കേദര്‍ ജാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 21 റണ്‍സെടുത്ത റോസ് ടെയ്ലറിനെ അമിത് മിശ്ര പുറത്താക്കി.
ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് കിവീസ് ഇറങ്ങിയത്. ബ്രെയ്സ്വെല്‍, നീഷാം, സോധി എന്നിവര്‍ക്ക് പകരം ട്രെന്റ് ബൗള്‍ട്ട്, ഹെന്റി, ഡെവിസിച്ച് എന്നിവരെയാണ് കളിപ്പിക്കുന്നത്. ധര്‍മശാലയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിനാണ് ജയിച്ചത്.
Discussion about this post