തിരുവന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍.ഡി.എഫുമായി യോജിച്ച് സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട സംസാരിക്കവേ ആണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന യു.ഡി.എഫ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടാണ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിച്ചത്.
എല്‍.ഡി.എഫുമായി യോജിച്ച് സമരം നടത്തുന്നതിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് യു.ഡി.എഫ് യോഗം തള്ളി. സുധീരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യു.ഡി.എഫ് യോഗത്തിനുമുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സഹകരണ പ്രശ്നവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കുക, അഖില കക്ഷി നിവേദന സംഘം ഡല്‍ഹിയില്‍ പോയി സഹകരണ പ്രശ്നം കേന്ദ്രസര്‍ക്കാറിനെ നേരിട്ട് അറിയിക്കുക, പഴയ നോട്ടുകള്‍ മാറി നല്കാന് സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശത്തോട് സഹകരിക്കുക, സഹകരണ ജീവനക്കാരെയും സഹകാരികളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക, അഖില കക്ഷി സംഘം ഡല്‍ഹിയില്‍ പോയി ബന്ധപ്പെട്ടവരെ കണ്ടതിന് ശേഷവും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങി അഞ്ച് തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ചെന്നിത്തല അറിയിച്ചു.
Discussion about this post