കോട്ടയം: കൊല്ലം-ദിണ്ഡിഗല്‍ ദേശീയ പാതയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വളഞ്ഞാങ്ങാനത്തിനു സമീപത്താണ് പിന്‍വലിച്ച ആയിരത്തിന്റെ നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായതെന്ന് പീരുമേട് പോലീസ് അറിയിച്ചു. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി. ഇതുവരെയും 2,58,000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് നിരവധിയാളുകളാണ് എത്തുന്നത്. പരിസരത്ത് ഇനിയും നോട്ടുകള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച ഇന്നോവ കാറില്‍ പിന്‍വലിച്ച നോട്ടുകള്‍ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഹന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പോലീസ് പരിശോധനാ വിവരം അറിഞ്ഞ് നോട്ടുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.
Discussion about this post