കൊച്ചി: ദുബായില്‍ നിന്ന് അനധികൃതമായി കടത്തിയ 10 ലക്ഷം രൂപയുമായി മുസ്ലീം ലീഗ് പ്രവര്ത്തകന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കണ്ണുര്‍ പാനൂര്‍ സ്വദേശി അബ്ദുള്‍ സലാം ആണ് കസ്റ്റംസിന്റെ പിടിയിലായത്. സര്‍ക്കാര്‍ പിന്‍വലിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചത്.
മുസ്ലീം ലീഗ് പ്രാദേശിക നേതാവായ പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവാണ് അബ്ദുള്‍ സലാം. മൂന്ന് ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളും ഏഴ് ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തത്. നാപ്കിനകത്തും മറ്റും ഒളിപ്പിച്ചായിരുന്നു നോട്ടുകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ 20 നാണ് അബ്ദുള്‍ സലാം ദുബായിലേക്ക് പോയത്. ഇയാള്‍ നിരവധി തവണ വിദേശ യാത്ര നടത്തിയതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബായില്‍നിന്ന് ഒരു മലയാളിയാണ് അബ്ദുള്‍ സലാമിന് പണം കൈമാറിയതെന്നാണ് വിവരം. സലാമില്‍ നിന്ന് പണം വാങ്ങാന്‍ സംഘത്തില്‍പെട്ടവര്‍ വിമാനത്താവളത്തില്‍ എത്തുന്നത് പതിവാണെന്നും വ്യക്തമായിട്ടുണ്ട്. കളളപ്പണം കടത്തുന്ന ഒരു വന്‍ശൃംഖല തന്നെ ഇയാള്‍ക്ക് പിന്നില്‍ ഉണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കിയ ശേഷം ആദ്യമായിട്ടാണ് വിദേശത്ത് നിന്നും ഇത്തരത്തില്‍ വന്‍തോതില്‍ പണം കടത്തുന്നത് പിടിക്കപ്പെടുന്നതെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ. രാഘവന് പറഞ്ഞു. വിദേശത്ത് ഇത്തരം മാഫിയകള്‍ സൂക്ഷിച്ചിട്ടുളള ഇന്ത്യന്‍ കറന്‍സികള്‍ തിരികെയെത്തിക്കാന്‍ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുളളതിനാല്‍ വിമാനത്താവളങ്ങളിലെ പരിശോധനകള്‍ ഊര്ജ്ജിതമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post