പനജി: ആദ്യ കറന്‍സി രഹിത സംസ്ഥാനമാകാന്‍ ഗോവ ഒരുങ്ങുന്നു. ഈ ഡിസംബര്‍ 31 ഓടെ കറന്‍സി രഹിതമാകാനാണ് ഗോവ ശ്രമിക്കുന്നത്. മൊബൈല്‍ വഴിയുള്ള പണമിടപാടാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ഏത് സാധനവും വാങ്ങാം. തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടും. ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ ആകണമെന്നുമില്ല. ഗോവ ചീഫ് സെക്രട്ടറി ആര്. കെ ശ്രീവാസ്തവയാണ് വിവരം അറിയിച്ചത്.
15 ലക്ഷം ജനസംഖ്യ മാത്രമുള്ള ഗോവയില്‍ 22 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. 17 ലക്ഷം മൊബൈല്‍ കണക്ഷനുമുണ്ട്. ഇത് കറന്‍സി രഹിത ഇടപാടിന് സഹായകമാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സൈ്വപ്പ് മെഷീനുകള്‍ ഇല്ലാത്ത ചെറുകിട കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹായകമാകുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നവംബര്‍ 27 മുതല്‍ ഇത് സംബന്ധിച്ച ബോധവത്കരണം ആരംഭിക്കും. കറന്‍സി ഇടപാടുകളോ കാര്‍ഡ് വഴിയുള്ള ഇടപാടുകളോ നിരോധിക്കില്ല. കാലക്രമേണ പൂര്‍ണമായും കറന്‍സി രഹിതമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഫീസും ഇടാക്കില്ലെന്ന് മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് വഴി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ വഴിയായിരിക്കും ഇടപാട് നടത്തേണ്ടത്. കറന്‍സി രഹിത സമൂഹമായി മാറണമെന്നുള്ള പ്രധാനമന്ത്രിയുടെ സ്വപ്നം ആദ്യം സാക്ഷാത്കരിക്കുന്നത് ഗോവയാകണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
Discussion about this post