പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറുന്നതിന് താന്‍ എതിരല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ആധുനിക കാലത്ത് സ്ത്രീകള്‍ക്ക് ഏറെ സൗകര്യപ്രദമായ വസ്ത്രമാണ് ചുരിദാര്‍. അതു ധരിച്ച് വരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക തന്നെ വേണം. സമാധാനത്തിനും ശാന്തിക്കും വേണ്ടിയുളളതാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളായ ആള്‍ക്കാരാണ് അവിടെ വരുന്നതും. അതുകൊണ്ട് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഇത്തരം വസ്ത്രം ധരിച്ചുളള ക്ഷേത്ര സന്ദര്‍ശനത്തെ താന്‍ അനുകൂലിക്കുന്നതായും അവര്‍ പറഞ്ഞു. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ക്ഷേത്ര ഭരണ സമിതി ചെയര്മാന് തീരുമാനം എടുത്തത്. അതാണ് പ്രതിഷേധത്തിന് കാരണമായത്. തര്‍ക്കമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തെ വിവാദഭൂമി ആക്കേണ്ടതില്ലെന്നും വസ്ത്രത്തിന്റെ ഭംഗിയല്ല നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന് അനുസരിച്ചുളള മാറ്റങ്ങളാണ് ക്ഷേത്രങ്ങളില്‍ വേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുന്‍പ് നരബലിയും മൃഗബലിയും പോലുളള ഒരുപാട് അനാചാരങ്ങള്‍ നിലനിന്നിരുന്നു. അതെല്ലാം കാലക്രമേണ മാറുകയുണ്ടായി. അത്തരമൊരു മാറ്റമാണ് വരേണ്ടത്. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തേണ്ട കാര്യമില്ല. ശബരിമലയില്‍ പ്രവേശനം വിലക്കിയ പോലുളള വാദഗതിയാണ് ഇവിടെ ഉന്നയിക്കുന്നതും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെപ്പറ്റി സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി.
Discussion about this post