ദമാസ്കസ്: അല്‍-ഖായിദയുടെ അനുബന്ധ സംഘടനയായ ജബ്ഹദ് ഫത്തേയുടെ പ്രവര്ത്തകന് അബു സലീം അല്‍ ഹിന്ദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരീക്കപ്പെടുന്ന ആദ്യത്തെ അല്‍-ഖായിദ തീവ്രവാദിയായ ഇന്ത്യക്കാരനാണ് ഇയാള്‍. ജബ്ഹദ് ഫത്തേയുടെ മാധ്യമ വിഭാഗമായ ഫുര്‍സാന്‍ അല്‍ ഷഹേം ആണ് അബു സലീമിന്റെ മരണക്കുറിപ്പ് പുറത്തുവിട്ടത്. ആഗസ്തിലാണ് അബു സലീം കൊല്ലപ്പെട്ടതെന്നും എന്നാല്‍ ഇന്ത്യയിലുള്ള അയാളുടെ കുടുംബാംഗങ്ങളുടെ അനുമതി കിട്ടാന്‍ കാത്തിരുന്നത് കൊണ്ടാണ് ഇക്കാര്യം പുറത്തു വിടാന്‍ വൈകിയതെന്നും ബുധനാഴ്ച്ച വൈകിട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
താന്‍ മരിച്ചാല്‍ അക്കാര്യം കുടുംബത്തെ അറിയിക്കണമെന്ന് അബുസലീം പറഞ്ഞിരുന്നു. കുടുംബത്തിലെ ഇളയ മകനായിരുന്നു അബുസലീം. സിറിയയില്‍ എത്തും മുന്‍പും ശേഷവും അബു സലീം ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഇയാള്‍ അല്‍-ഖായിദയ്ക്ക് വേണ്ടി സിറിയയില്‍ പോരാടുകയാണെന്നും ആഗസ്തില്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യയിലുള്ള കുടുംബത്തിന് അറിയാമെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നുണ്ട്. സിറിയയില്‍ അബുസലീമിനൊപ്പം പോരാടിയ രണ്ട് അല്‍-ഖായിദ തീവ്രവാദികളുടെ ഓര്മക്കുറിപ്പും അല്‍ ഷഹേം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഷ്ടൂന്, ലൈഫ് ഇന്‍ സിറിയ എന്നീ പേരുകളിലാണ് സഹപ്രവര്‍ത്തകര്‍ ഓര്‍മക്കുറിപ്പ് എഴുതിയിരിക്കുന്നത്. പ്രവാസജീവിതം നയിച്ചു വന്ന അബു സലീം വിദേശത്ത് ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അല്‍-ഖായിദയില്‍ ചേരും മുന്‍പ് രക്തസാക്ഷികളുടെ കുടുംബത്തെ അദ്ദേഹം സഹായിച്ചിരുന്നുവെന്നും ഓര്മക്കുറിപ്പില് പറയുന്നു. അതേസമയം അബുസലീമിന്റെ ശരിയായ പേരെന്താണെന്നും ഏത് സംസ്ഥാനക്കാരനാണെന്നും വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ട അബുസലീം തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയതെന്നാണ് ഇയാളുടെ ചരമക്കുറിപ്പില്‍ പറയുന്നത്. ട്വിറ്ററിലൂടെ സൗഹൃദം സ്ഥാപിച്ച ഐഎസ് തീവ്രവാദികളാണ് ഇതിനായി ഇയാളെ സഹായിച്ചത്. സിറിയയിലെത്തിയതിന് പിറേക ഇയാള്‍ യുദ്ധമുഖത്തിറങ്ങിയെന്നും സാധാരണഗതിയില്‍ ഐഎസ് തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പരിശീലനം നേടും മുന്‍പായിരുന്നു ഇതെന്നും ചരമക്കുറിപ്പില്‍ പറയുന്നുണ്ട്.
അലപ്പോ നഗരം മോചിപ്പിക്കുന്നതിനുള്ള പോരാട്ടം ശക്തമായ ഘട്ടത്തില്‍ സിറിയന്‍, റഷ്യന്‍ സൈന്യത്തിനെതിരെ അബുസലീം ശക്തമായി പോരാടിയെന്നും, റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അബുസലീമും അയാളുടെ കമാന്‍ഡറും കൊല്ലപ്പെടുകയായിരുന്നുവെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് കുറച്ചു കാലം മുന്‍പ് ഇയാള്‍ വിവാഹിതനായെന്ന വിവരവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രഖ്യാപിത രാഷ്ട്രമായ ഖാലിഫേറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് സിറിയയിലെത്തി പോരാടുന്നത്. ഏതാണ്ട് 40,000ത്തിലേറെ വിദേശികള്‍ ജിഹാദി ദൗത്യവുമായി സിറിയയിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക് പ്രകാരം ഏതാണ്ട് 68ഓളം ഇന്ത്യന്‍ പൗരന്മാര് അല്‍ഖായിദയ്ക്കും ഐഎസിനും വേണ്ടി സിറിയയില്‍ പ്രവര്‍ത്തിക്കുകയോ പോരാടുകയോ ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ഗള്‍ഫില്‍ നിന്നും മറ്റുമാണ് സിറിയയില്‍ എത്തിയത്.
ഇതുവരെ ഏഴോളം ഇന്ത്യക്കാര്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സിന് വേണ്ടി പോരാടുന്നതിനായി സിറിയയിലെത്തിയ മുംബൈ കല്ല്യാണ്‍ സ്വദേശി അമന് ടണ്ടല് കൊല്ലപ്പെട്ടതായി നേരത്തെ അയാളുടെ കുടുംബത്തിന് വിവരം ലഭിച്ചിരുന്നു. ഐഎസിന് വേണ്ടിയല്ലാതെ മറ്റൊരു സംഘടനയ്ക്ക് വേണ്ടി സിറിയയില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ തീവ്രവാദിയാണ് അബു സലീം. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് പോവുന്നവരെല്ലാം ഐഎസ് അനുഭാവികളല്ലെന്നും അല്‍-ഖായിദയും ജബ്ഹദ് ഫത്തേയും പോലുള്ള സംഘടനകളിലേക്കും ആളുകള്‍ പോവുന്നുണ്ടെന്നുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന കനേഡിയന്‍ ഗവേഷകന് അമര്‍ സിംഗം പറയുന്നത്. സിറിയയിലെത്തിയ ഇന്ത്യന്‍ തീവ്രവാദികളില്‍ 810 പേരെങ്കിലും ജബ്ഹദ് ഫത്തേയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അദേഹത്തിന്റെ നിഗമനം.
Discussion about this post