കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്കൂളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ദ വളര്‍ത്തിയ പുസ്തകം നിര്‍മ്മിച്ച മൂന്നുപേരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബുറൂച്ച് റിയലൈസേഷന്സിലെ ജീവനക്കാരാണ് പിടിയിലായത്. പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ടാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
മുംബൈ ബുറൂച്ച് റിയലൈസേഷന് എന്ന സ്ഥാപനത്തിലെ ചെയര്മാന് ദാവൂദ് ഉബൈദ്, സഹില്‍ സെയ്ദ്, സമീദ് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത് ഇവരാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് കെസെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റു നടപടികള്‍ തീരുമാനിക്കുകയെന്ന് വ്യക്തമാക്കി. 2009-ല്‍ പീസ് സ്കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കിയിരുന്നു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും. നിയമ വിരുദ്ധമായ സിലബസ്സ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്കൂള്‍ നടത്തിയതിനും പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ബൂറൂച്ച് റിയലൈസേഷനിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post