തിരുവനന്തപുരം: അസാധുവാക്കിയ 15 കോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാതെ ട്രഷറിവകുപ്പില് കുന്നുകൂട്ടിയിട്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി.മുരളീധരന്. ഇത്തരം പ്രവൃത്തിയിലൂടെ താന്‍ ധനകാര്യ വിദഗ്ധനല്ല, മറിച്ച് രാഷ്ട്രീയക്കാരന് മാത്രമായി അധഃപ്പതിച്ചിരിക്കുന്നു എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
15 കോടിയുടെ പിന്‍വലിച്ച നോട്ടുകള്‍ ഉള്‍പ്പെടെ ട്രഷറി വകുപ്പില്‍ ഇതിന്റെ ഇരട്ടിയലധികം നോട്ടുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണം കുന്നുകൂട്ടേണ്ട ഒരു സാഹചര്യവും ട്രഷറി വകുപ്പിലില്ല. നോട്ടുകള്‍ അതാത് ദിവസം ഏജന്‍സി ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാന്‍ യാതൊരു തടസവുമില്ല. ചില ട്രഷറികളില്‍നിന്നും പണം നിക്ഷേപിക്കാന്‍ ഏജന്‍സി ബാങ്കുകളെ സമീപിച്ചപ്പോള്‍ ട്രഷറി വകുപ്പ് നേരിട്ട് അത് തടയുകയും ചെയ്തുവെന്ന് മുരളീധരന് പറഞ്ഞു. തോമസ് ഐസക്കിന്റെ നീക്കങ്ങള്‍ക്കെല്ലാം പിന്നിലുള്ള ലക്ഷ്യം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയെന്നത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കേണ്ടുന്ന സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ട്രഷറികളില്‍ പണമില്ലെന്നും; ഉള്ള പണം ആദ്യ ദിവസം തന്നെ വാങ്ങണമെന്നും പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ ശമ്പളത്തിന്റെ ആദ്യ ദിവസം തന്നെ ട്രഷറിയിലെത്തിച്ച് പരിഭ്രാന്തി സൃഷ്ടിക്കാനാണ് ധനകാര്യ മന്ത്രി ശ്രമിച്ചത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പിടിപ്പുകേടിനേയും നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുടെ ഭാഗമാക്കുകയെന്ന തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുടെ മറവില്‍ മനഃപ്പൂര്‍വം കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തുന്ന വിലകുറഞ്ഞ തന്ത്രങ്ങളാണിവയെല്ലാമെന്ന് തെളിയുന്നുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Discussion about this post