ചെന്നൈ: ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് എ.ഐ.ഡി.എം.കെ നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ജയാ ടിവിയാണ് വാര്‍ത്ത പുറത്ത വിട്ടത്. ജയലളിതയേപ്പോലെ ശശികലയും പാര്‍ട്ടിയേ നയിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്നാണ് ജയാ ടിവിയുടെ റിപ്പേര്‍ട്ടില്‍ പറുയുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പോയസ് ഗാര്‍ഡനില്‍ വെച്ച് ശശികലയുമായി കൂടിക്കാഴ്ച നടത്തി.
നിലവിലെ പാര്‍ട്ടി മന്ത്രിമാരോ നിയമസഭാംഗങ്ങളോ അല്ല ഇക്കാര്യം ആവശ്യപ്പെട്ടത്. മറിച്ച് മന്ത്രിസഭയിലില്ലാത്ത മധുസൂധനന്, ചെങ്കോട്ടൈന് തുടങ്ങിയവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ശശികലയോട് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ചെങ്കോട്ടൈന് എം.ജി.ആറിന്റെ കാലം മുതല്‍ പാര്‍ട്ടിയിലുള്ള നേതാവാണ്.
ഇതോടെ ശശികല ഉടന്‍ തന്നെ എ.ഐ.ഡി.എം.കെ ജെനറല്‍ സെക്രട്ടറി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്ത് വരുന്നത്. മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പനീര്‍ ശെല്‍വമോ, ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായ തമ്പിദുരൈയോ ശശികലയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അതിനാല്‍ ഇവരുടെ സ്ഥാനം പാര്‍ട്ടി തലത്തില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം അണികള്‍ രംഗത്തെത്തി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗൗതമിയുടെ കത്ത് സാധാരണക്കാരുടെ സംശയമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത സിനിമാ താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Discussion about this post