കവിതകള്‍ ചുമരെഴുത്താക്കിയതിന്റെ പേരില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. അറസ്റ്റിനെ ന്യായീകരിച്ച എസ്എഫ്ഐ, ക്യാംപസില്‍ പൊലീസിനെ പ്രവേശിപ്പിച്ച പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്നീട് പ്രിന്‍സിപ്പള്‍ എന്‍എന്‍ ബീനയെ ഉപരോധിച്ചു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് ഉപരോധം.
ക്യാംപസിലെ ചുവരെഴുത്തുകള്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നവയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന് പറഞ്ഞു. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ കേസെടുത്തതില്‍ തെറ്റില്ല. കുരീപ്പുഴയുടെ കവിതകള്‍ എഴുതിയതിനാണ് അറസ്റ്റ് എന്നത് വ്യാജ പ്രചാരണമാണ്. ഇപ്പോഴത്തെ കേസിന് ആധാരം പഴയ സംഭവങ്ങളാണെന്നും വിജിന് പറഞ്ഞു. ചുവരെഴുത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ സംഘടനയില്‍ നിന്നും നേരത്തെ തന്നെ പുറത്താക്കിയതാണെന്ന് മഹാരാജാസിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ക്യാംപസില്‍ ചുവരെഴുതിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പിഡിപിപി ചുമത്തി ജയിലില്‍ ഇട്ടതിനെതിരെ ഇന്നുവൈകിട്ട് മഹാരാജാസ് കോളെജിന് മുന്നില്‍ വിദ്യാര്‍ഥികളും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നുണ്ട്. സംഗീത ബാന്‍ഡായ ഊരാളിയും പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അറസ്റ്റിലായവരെ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന വിധത്തില്‍ ചിത്രീകരിക്കുന്ന വാദഗതി പ്രതിഷേധാര്‍ഹമാണെന്നും മഹാരാജാസിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്. ക്യാംപസിന്റെ ചുവരുകളില്‍ കഞ്ചാവ് ഉപയോഗവുമായും സാത്താന് സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയതിന്റെയും പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലുമാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.
അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ചുവരെഴുത്തുകള്‍ എസ്എഫ്ഐ നേതൃത്വം ഇടപെട്ട് നീക്കം ചെയ്തിരുന്നു. സാംസ്കാരികവും ഭൗതികവുമായ ലക്ഷ്യം മുന്‍നിര്‍ത്തിയുളള ചുവരെഴുത്തുകളെയും അതെഴുതുവാനുളള വിദ്യാര്‍ഥിയുടെ സ്വാതന്ത്ര്യത്തെയും തടയുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെടുന്നു.
പൊതുമുതല്‍ നശിപ്പിച്ചെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്ററുകള്‍ പതിച്ചെന്നും ആരോപിച്ച് ഇന്നലെ വൈകിട്ടാണ് മഹാരാജാസ് കോളെജിലെ അഞ്ചുവിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് കേസ്.
Discussion about this post