ചെന്നൈ: എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം കൗണ്‍സിലില്‍ പാസാക്കി.
ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്കി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മഗ്സസെ പുരസാകാരം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം എന്നിവ നല്‍കുന്നതിനായി നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനു യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് സി പൊന്നയിന്‍ നേരത്തെ അറിയിച്ചിരുന്നു.മുന്‍ മുഖ്യമന്ത്രിജയലളിതയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്. ശശികല നടരാജന് അധികാരം കൈമാറാന്‍ തയാറാണെന്ന സൂചനകള്‍ മുഖ്യമന്ത്രി ഒ പനീര്ശെല്വത്തോടടുത്തുള്ള വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം പാര്‍ടിയിലെ നിയമസഭാ സാമാജികരുടെ യോഗവും നടക്കും.
Discussion about this post