മലയാളത്തിന്റെ കഥാകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍ പിന്‍മാറി. കഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയെ അവതരിപ്പിക്കാനിരുന്ന വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് പറയുന്നു.കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നുമാണ് വിദ്യാബാലന്‍ പിന്മാറിയതായി നടിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. അവസാന തിരക്കഥ വിദ്യാബാലന് ഇഷ്ടമായില്ല എന്നാണ് വിശദീകരണം. തുടക്കത്തില്‍ പറഞ്ഞ കഥയില്‍ കമല്‍ അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇത് വിദ്യാബാലന് ഇഷ്ടപ്പെട്ടില്ല എന്നു ഔദ്യോഗിക വക്താവ് പറയുന്നു.
പിന്മാറ്റം സംവിധായകന്‍ കമലും സ്ഥിരീകരിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന് അഞ്ച് ദിവസം മുമ്പ് വിദ്യ എന്നെ വിളിച്ചിരുന്നു. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. ഹാഫ് മൈന്‍ഡഡ് ആണ് എന്നാണ് വിദ്യ തന്നോട് പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി. എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം നാട്ടിലേക്ക് വരാന്‍ വിദ്യയ്ക്ക് ടിക്കറ്റ് അയച്ചുകൊടുത്തിരുന്നതാണ്. അപ്പോഴാണ് വിളിച്ച് ഹാഫ് മൈന്‍ഡഡ് ആണ് കാരക്ടറാകാന്‍ തനിക്ക് കഴിയുന്നില്ലെന്നും വിദ്യ പറഞ്ഞതെന്നും കമല്‍ വിശദമാക്കി.
നേരത്തെ മാധവികുട്ടിയുടേതല്ല, കമലസുരയ്യയുടെ നിലപാടാണ്ശരി എന്ന നിലയിലാണ് കമല്‍ സിനിമ ഒരുക്കുന്നതെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.കൃഷ്ണ ഭക്തയായ മാധവികുട്ടി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ നേരത്തെ ചില വിവാദങ്ങള്‍ ഉയര്‍ത്തിയികുന്നു. മതം മാറ്റത്തെ പിന്നീട് കമലദാസ് തള്ളി പറഞ്ഞുവെന്ന വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു. ഇത്തരം വിവാദങ്ങളോട് കമലിന്റെ സിനിമ പുലര്‍ത്തുന്ന നിലപാട് നിഷ്പക്ഷമാവില്ല എന്ന ആശങ്ക ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു ഇസ്ലാമിക പ്രഭാഷകനോടുള്ള പ്രണയമാണ് മതം മാറ്റത്തിന് ഇടയാക്കിയതെന്ന വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു.
. അതേസമയം ഏതെങ്കിലും സംഘടനകളുടെ സമ്മര്‍ദമാണ് തന്റെ പിന്‍മാറ്റത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാബാലന്‍ അറിയിച്ചതായി ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് വിദ്യ പറഞ്ഞു.
വിദ്യ കമല്‍ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നില്ല, മറിച്ച് കേരളത്തിലെ സിനിമാ സമരത്തെത്തുടര്‍ന്ന് ഷൂട്ടിങ് തിയ്യതി നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു നേരത്തെ വിദ്യയുടെ ഔദ്യോഗിക വക്താവ് വിശദീകരിച്ചത്.
ദേശീയഗാന, നോട്ട് നിരോധന വിഷയങ്ങളില്‍ കമലും സംഘപരിവാറുമായി പരിധിവിട്ട ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ചിത്രത്തില്‍ നിന്നുള്ള വിദ്യയുടെ പിന്‍മാറ്റവാര്‍ത്ത വരുന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ട് പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരാധമനെന്നു കമല്‍ വിശേഷിപ്പിച്ചതും വിവാദമായിരുന്നു.
ആമിയെന്ന ചിത്രം നേരത്തെ തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ പകര്‍ത്തിയ മെറിലി വെയ്‌സ്‌ബോര്‍ഡും കമലും തമ്മില്‍ വലിയ തര്‍ക്കമാണ് ഉണ്ടായത്. പുസ്‌കത്തില്‍ മാധവിക്കുട്ടിക്ക് ലൈംഗികതൃഷ്ണ മാത്രമാണെന്നും എഴുതിയത് കെട്ടുകഥയാണെന്നുമുള്ള കമലിന്റെ അഭിപ്രായപ്രകടനമാണ് മെറിലിയെ ചൊടിപ്പിച്ചത്. അവര്‍ ഇതു സംബന്ധിച്ച് കമലിന് ഒരു തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. ഒടുവില്‍ കമല സുരയ്യയയുടെ മകന്‍ ജയസൂര്യ തന്നെ നേരിട്ട് ഇടപെട്ടാണ് വിവാദങ്ങള്‍ക്ക് അറുതി വരുത്തിയത്.
Discussion about this post