ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോട് അനാസ്ഥയോടെ പെരുമാറുന്നത് സ്വയം അനര്‍ത്ഥം ക്ഷണിച്ചു വരുത്തുമെന്ന് ആമസോണിന് ഇന്ത്യയുടെ താക്കീത്. കേന്ദ്ര ധനകാര്യസെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോട് അപമര്യാദയായി പെരുമാറുന്നതിനെതിരേ ആമസോണിന് താക്കീതു നല്‍കിയത്.
കഴിഞ്ഞയാഴ്ച്ച ഇന്ത്യയുടെ ദേശീയപതാകയുടെ മാതൃകയില്‍ ഡോര്മാറ്റുകള് വിപണിയിലിറക്കിയ ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാരശൃംഖല രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉല്‍പ്പന്നം ആമസോണ്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച ചെരിപ്പുകള്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണനം ചെയ്യുന്നതു സംബന്ധിച്ച് അസംഖ്യം പരാതികളാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ലഭിച്ചത്. ആമസോണ്‍ യു.എസ് വെബ്സൈറ്റാണ് ഈ ‘ബീച്ച് ചപ്പലുകള്‍’ വിപണിയിലിറക്കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനകാര്യസെക്രട്ടറി ആമസോണിനെതിരേ ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. നേരത്തേ വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡറും വിഷയത്തില്‍ രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം ആമസോണ്‍ കമ്പനിയെ അറിയിച്ചിരുന്നു.
Discussion about this post