കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രോളന്മാര്ക്ക് പ്രിയപ്പെട്ടവനാണ്. ഇത്തവണ രാഹുല്‍ ട്രോളന്മാരുടെ പ്രിയനാകുവാന് കാരണമായത് അദ്ദേഹത്തിന്റെ വസ്ത്രമാണ്. അല്പം കീറിയ കുര്‍ത്ത ധരിച്ചാണ് ഉത്തരാഖണ്ഡിലെ വിജയ് സങ്കല്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ എത്തിയത്. കണ്‍വെന്‍ഷനില്‍ സംസാരിക്കവേ തന്റെ കുര്‍ത്ത കീറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രങ്ങള്‍ ഒരിക്കലും ഇങ്ങനെ കാണാന്‍ കഴിയില്ലെന്നും രാഹുല്‍ പറയുകയുണ്ടായി. ഇതിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളുടെയും ട്വീറ്റുകളുടെയുമൊക്കെ മേളമാണ് ഇപ്പോള്‍.
‘ഞാന്‍ ധരിച്ചിരിക്കുന്നത് അല്‍പ്പം കീറിയ കുര്‍ത്തയാണ്, പക്ഷേ നിങ്ങള്‍ക്കൊരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കീറിയ കുര്‍ത്തയില്‍ കാണാന്‍ കഴിയില്ല. അദ്ദേഹം പാവങ്ങളുടെ രാഷ്ട്രീയം മാത്രമേ കളിക്കൂ’ രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിക്കു പകരക്കാരന് ആകണമെന്ന് ആഗ്രഹിക്കുന്ന മോദി പതിനഞ്ചു ലക്ഷം വിലമതിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും കീറിയ പോക്കറ്റുള്ള ഖാദി കുര്‍ത്തയാണ് താന്‍ ധരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. കീറിയ പോക്കറ്റ് കൂടി കാണിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.
എന്തായാലും കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന അണികളെ ആവേശഭരിതരാക്കിയെങ്കിലും സമൂഹമാധ്യമത്തില്‍ രാഹുല്‍ അസല്‍ ഇരയാകുകയായിരുന്നു. അവധിക്കാലം യൂറോപ്യയില്‍ ആഘോഷിച്ചു വന്ന സമയമായതുകൊണ്ടുകൂടി രാഹുലിന് ഇത്തവണത്തെ ട്രോളുകള്‍ അല്പം കൂടിപ്പോയി. രാഹുലിന് പുതിയ കുര്‍ത്ത വാങ്ങാന്‍ ഫണ്ട് ആരംഭിക്കണമെന്നും യൂറോപ്പില്‍ രണ്ടാഴ്ച്ചത്തെ അവധിക്കാലം കഴിഞ്ഞെത്തിയ നേതാവിനാണോ കീറിയ കുര്‍ത്ത, ചാര്‍ട്ടേഡ് പ്ലെയിനില്‍ യാത്ര ചെയ്യുമ്പോഴാണോ കുര്‍ത്ത കീറിപ്പോയതെന്നും കുര്‍ത്ത വാങ്ങാന്‍ പണമില്ലാത്തയാള്‍ യൂറോപ്പില്‍ വെക്കേഷന് ആഘോഷിച്ചു വന്നിരിക്കുന്നു എന്നും അറുപതു വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ടും ആറു രൂപയുടെ തുന്നല്‍ക്കൂലി കൊടുക്കാനുള്ള പണം കയ്യിലില്ലേ എന്നും പോകുന്നു ട്വീറ്റുകള്‍.
Discussion about this post