ലക്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന അനിശ്ചിതത്വത്തിന് അന്ത്യമാകുന്നു. പിതാവ് മുലായം സിങ് യാദവ് നല്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 191 പേരുടെ സ്ഥാനാര്‍ഥിപ്പട്ടിക സമാജ്വാദി പാര്‍ട്ടി പുറത്തിറക്കി. പിതൃസഹോദരന് ശിവ്പാല്‍ യാദവിനും സീറ്റു നല്‍കിയിട്ടുണ്ട്. ഭിന്നതകള്‍ക്കിടെ ഇരുവിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു പകരമാണ് പുതിയ പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കിയത്. ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാട് അഖിലേഷ് തിരുത്തി. ജസ്വന്ത് നഗറില്‍നിന്ന് ശിവ്്പാല്‍ യാദവ് തിരഞ്ഞെടുപ്പിനെ നേരിടും. ഇതോടെ മുലായം പ്രചരണത്തില്‍ സജീവമാകും.
സ്ഥാനാര്‍ഥിപ്പട്ടികയിലൂടെ തലമുറ മാറ്റത്തിന്റെ സൂചനകളും അഖിലേഷ് നല്‍കുന്നുണ്ട്. ഭിന്നതയ്ക്കിടെ മധ്യസ്ഥ ചര്‍ച്ച നടത്തിയ അസംഖാന്റെ മകന് അബ്ദുല്ല അസീമിന് രാംപൂറില്‍ സീറ്റു നല്കി. നരേഷ് അഗര്‍വാളിന്റെ മകന് നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയില്‍ മല്‍സരിക്കും. മുസ്ലിം വിഭാഗത്തിനു സീറ്റു നല്കുന്നതില് അഖിലേഷിന് അനുകൂല നിലപാടില്ലായിരുന്നുവെന്ന മുലായത്തിന്റെ വാദം തെറ്റെന്നു തെളിയിച്ച അഖിലേഷ്, 191-ല്‍ 50 സീറ്റുകള്‍ മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചു. മുലായം കൈമാറിയ മുപ്പത്തെട്ടു പേരടങ്ങിയ പട്ടികയില്‍ ലക്നൗ കന്റോണ്‍മെന്റ് സീറ്റിന്റെ കാര്യത്തി ല്‍മാത്രമാണ് ഇനി സമവായത്തിലെത്താനുള്ളത്. അഖിലേഷ് കോണ്‍ഗ്രസിനായി മാറ്റിവച്ച സീറ്റ്, മരുമകള്‍ അപര്‍ണ യാദവിന് സീറ്റ് നല്‍കണമെന്നാണ് മുലായത്തിന്റെ ആവശ്യം.
അതേസമയം, കോണ്‍ഗ്രസ് സമാജ്വാവാദി പാര്‍ട്ടികളുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം അഖിലേഷ് യാദവ് സീറ്റ് വിഭജനം പ്രഖ്യാപിക്കും. 403 സീറ്റുകളില്‍ 310 സീറ്റ് വരെ സമാജ്വാദി പാര്‍ട്ടി മല്‍സരിക്കും. ബാക്കി കോണ്‍ഗ്രസിനു നല്‍കാനാണ് തീരുമാനം.
Discussion about this post