കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതുമായി ബന്ധപ്പെട്ട് 30 എസ്എഫ്ഐക്കാര്‍ക്കെതിരേ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇ-മെയില്‍ വഴി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്. സംഭവത്തില്‍ എസ്എഫ്ഐ പ്രതിഷേധത്തിന് തൊട്ടുമുമ്പ് സമരം നടത്തിയ ഇടതുപക്ഷ അദ്ധ്യാപക സംഘടന എകെജിസിടിയിലെ ബഹുഭൂരിപക്ഷവും ഇപ്പോള്‍ വിദ്യാര്‍ത്ഥി സമരത്തിന് എതിരായി. മാത്രമല്ല ഇവര്‍ പ്രധാനാദ്ധ്യാപികയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
സ്വയംഭരണാവകാശമുള്ള കോളേജില്‍ പ്രിന്‍സിപ്പല്‍ ബീന ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാരോപിച്ച് ഇടതുപക്ഷ അദ്ധ്യാപകരും എസ്എഫ്ഐക്കാരും ഏറെനാളായി സമരത്തിലായിരുന്നു. വ്യാഴാഴ്ച അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലേക്ക് സമരം നടത്തുകയും പിന്നീട് സമാധാന പരമായി പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐക്കാര്‍ സമരവുമായി എത്തിയതും കസേര കത്തിച്ചതും.
പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കടന്ന് ഓഫീസ് സ്റ്റാഫിനെ പുറത്താക്കി കസേരയില്‍ ആദ്യം കൊടി നാട്ടുകയും പിന്നീട് അത് എടുത്തുകൊണ്ടുപോയി പുറത്തിട്ട് കത്തിക്കുകയുമായിരുന്നു. നേരത്തേ കോളേജിന്റെ ചുവരില്‍ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കുകയും കേസിന് പിന്നാലെ എസ്എഫ്ഐ സമരം നടത്തുകയും ചെയ്തിരുന്നു.
Discussion about this post