നന്ദികേശന്‍
‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന പദ്യശകലം കുറെ നാളുകള്‍ക്ക് ശേഷം മനസ്സിലുരുവിടാന്‍ ഒരു അവസരം കിട്ടിയത് ഇന്നാണ്..!! തിളയ്ക്കുക മാത്രമല്ല തിളച്ചു പൊന്തി തൂവുകയും ചെയ്തു..!!
ചരിത്രപ്രസിദ്ധമായ കുറേ കീഴ്വഴക്കങ്ങളും നിയമങ്ങളും നിയമലംഘനങ്ങളും നമ്മുടെ നിയമനിര്‍മാണ സഭയില്‍ അരങ്ങേറിയ പുണ്യദിവസമായിരുന്നു ഇത്…!! ഇനിയുള്ള വര്‍ഷങ്ങളിലെ മാര്‍ച്ച് 13 സംസ്ഥാന അവധിയായി പ്രഖ്യാപിക്കണം…!! അന്നേ ദിവസം നിയമസഭാമന്ദിരം പൂട്ടിയിടണം..!! പുറത്ത് ലഡ്ഡു വിതരണം നടത്തണം..!! ജലപീരങ്കികള്‍ ചുറ്റും നിരത്തി നിയമസഭാമന്ദിരം കഴുകി വൃത്തിയാക്കണം..!!!
ബീഹാറിലും ഉത്തരേന്ത്യയിലെ ചില തദ്ദേശഭരണസ്ഥാപനങ്ങളിലും മാത്രം കണ്ടു പരിചയമുള്ള രംഗങ്ങളെ 100 ശതമാനം സാക്ഷരത കൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി നിയമസഭയില്‍ പുനരവതരിപ്പിച്ച നമ്മുടെ സാമാജികര്‍ക്ക് ആദ്യമേ നന്ദി അറിയിക്കുന്നു..!! ഇന്ന് വരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ മലയാള ചാനലിലൂടെ തത്സമയം കാണാനുള്ള ഭാഗ്യം ലഭിച്ച ഈ തലമുറ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…!!
മാര്‍ച്ച് 13 ഉടമ്പടി അനുസരിച്ച് മേലില്‍ കേരളനിയമസഭ കൂടാന്‍ സ്പീക്കര്‍ വേണമെന്നില്ല..!! ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ധനകാര്യമന്ത്രി സ്വന്തം കസേരയില്‍ ഇരിക്കണമെന്നില്ല..!! ബജറ്റ് അനുവദിക്കാന്‍ സ്പീക്കറുടെ രേഖാമൂലമോ വാക്കാലോ ഉള്ള അനുമതി വേണമെന്നില്ല..!! തല്‍ക്കാലം ഇത്രയും മാത്രം..!! അടുത്ത ബജറ്റ് സമ്മേളനത്തിലെ കീഴ്വഴക്കങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയോ ധനകാര്യമന്ത്രിയോ സ്പീക്കറോ ഒന്നും വേണ്ടി വരില്ലായിരിക്കും..!! ചിലപ്പോള്‍ ബജറ്റവതരിപ്പിക്കാന്‍ ബജറ്റ് തന്നെ ആവശ്യമില്ലാത്ത അവസ്ഥ വന്നേക്കാം..!!
അതുപോലെ തന്നെ മേലില്‍ കേരളത്തില്‍ ഒരു മന്ത്രിയും അഴിമതിയാരോപണത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടതില്ല..!! കെ.കരുണാകരന്‍, ബാലകൃഷ്ണപിള്ള, പി.ജെ. ജോസഫ്, കുരുവിള, നീലലോഹിതദാസന്‍ നാടാര്‍, ഗണേഷ്‌കുമാര്‍ പിള്ള തുടങ്ങിയ മുന്‍ രാജിപ്രമുഖര്‍ സൈഡിലേയ്ക്ക് മാറിനില്‍ക്കുക..!! എന്ത് പുഴുത്തു നാറിയ ആരോപണം ഉണ്ടായാലും ഒരു പുഞ്ചിരി ചുണ്ടിലൊട്ടിച്ച് കസേരയില്‍ അമര്‍ന്നിരിക്കാനുള്ള തൊലിക്കട്ടിയാണ് മേലില്‍ കേരളത്തില്‍ മന്ത്രിസ്ഥാനം അലങ്കരിക്കാനുള്ള ചുരുങ്ങിയ യോഗ്യത…!!
പ്രതിഷേധത്തിനു സീമകളില്ല എന്നും ഈ മാര്‍ച്ച് 13 നമ്മളെ പഠിപ്പിച്ചു..!! പ്രതിഷേധം പരകോടിയിലെത്തുമ്പോള്‍ ഗംഗ നാഗവല്ലിയാകും..!! അങ്ങനെ നാഗവല്ലിയാകുന്ന ഗംഗയ്ക്ക് അസാമാന്യ കഴിവുകളാണ്..!! സ്പീക്കറുടെ കസേര ഒറ്റക്കൈ കൊണ്ട് എടുത്തെറിയുന്നു, കമ്പ്യൂട്ടറും മൈക്ക് ഉപകരണങ്ങളും വലിച്ചെറിയുന്നു, സ്പീക്കറുടെ ഡയസിനു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി ‘ഒരുമുറൈ വന്ത്..’ ശൈലിയില്‍ നടക്കുന്നു, അവിടന്ന് തലേംകുത്തിത്തലേംകുത്തിത്തലേംകുത്തി വീഴുന്നു…!!! ഭരണകക്ഷി പുരുഷന്‍ പ്രതിപക്ഷ വനിതയെ തടയുന്നു..!! അളമുട്ടിയ വനിത തിരിച്ചു കടിക്കുന്നു..!!
നിയമസഭയിലെ പുതിയ മത്സരത്തില്‍ വിജയം തങ്ങള്‍ക്കെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു..!! അപ്പോള്‍ തോറ്റതാരാണ്..??!! തീര്‍ച്ചയായും ഇവരെ വോട്ടുചെയ്ത് അങ്ങോട്ട് വിട്ടവര്‍ തന്നെ..!! അവരുടെ പ്രതിബിംബമായാണ് നിയമസഭയിലെ മഞ്ഞപ്പരവതാനി വിരിച്ച നിലത്ത് ചത്തുമലച്ച ഏതോ ഒരു ജീവിയെപ്പോലെ സഭാധ്യക്ഷന്റെ കസേര മലര്‍ന്നടിച്ച് കിടന്നത്..!! ജനാധിപത്യത്തിന്റെ
ശ്രീകോവിലില്‍ നടന്ന നരബലിയുടെ ബാക്കിപത്രം…!!!
Discussion about this post