കാലടി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എം ലീലാവതി രംഗത്ത്. സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണമെടുത്ത് അവാര്‍ഡുകള്‍ നല്‍കേണ്ടതില്ലെന്ന് ലീലാവതി പറഞ്ഞു. എഴുത്തുകാരെ ആദരിക്കാന്‍ അഭിന്ദനമോ ഫലകമോ പ്രശസ്തി പത്രമോ മതിയാകും. സ്വകാര്യ സ്ഥാപനങ്ങള്‍ അവാര്‍ഡിന് പകരം പണം നല്കുന്നതില് തെറ്റില്ല. എഴുത്തുകാര്‍ക്ക് ശരിയായ അംഗീകാരം കിട്ടുന്നത് കൃതികള്‍ വായിക്കപ്പെടുമ്പോഴാണെന്നും ലീലാവതി പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാള വിഭാഗം ലീലാവതിയെ ആദരിച്ചുകൊണ്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അവാര്‍ഡുകളോ അംഗീകാരങ്ങളോ തന്റെ ചിന്താവിഷയമല്ല. അവ സ്വീകരിക്കാതിരുന്നാല്‍ നല്കുന്നവരോടുള്ള അനാദരവ് ആയെങ്കിലോ എന്ന് കരുതിയാണ് സ്വീകരിക്കുന്നത്. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്. മലയാള സാഹിത്യ നിരൂപണരംഗത്ത് തന്റെ തനതായ സംഭാവന ആദിപ്രരൂപപരമായ പഠനങ്ങളാണെന്നും ലീലവതി കൂട്ടിച്ചേര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പോരാടാന്‍ എഴുത്തുകാരുടെ സേന ഉണ്ടായില്ലെന്ന് ലീലാവതി കൊച്ചിയില്‍ നടന്ന മറ്റൊരു ചടങ്ങില്‍ പറഞ്ഞു. സൈലന്റ്വാലി പദ്ധതിക്കെതിരെ പോരാടിയതുപോലെ നേട്ടമുണ്ടാക്കേണ്ട പ്രശ്നമാണ് എന്ഡോസള്ഫാന്റേതും. എന്നാല്‍ എഴുത്തുകാരുടെ സേന ഉണ്ടായില്ല. ഇതില്‍ എഴുത്തുകാര്‍ ലജ്ജിക്കണം. അങ്ങനെയൊരു കുറ്റം ചെയ്തെന്ന ദുഃഖം പോലും എഴുത്തുകാര്ക്കില്ലെന്നും അവര്‍ പറഞ്ഞു.
Discussion about this post