പാലക്കാട്: ഇരട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ബന്ദിയാക്കി സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിയെ രക്ഷപ്പെടുത്തി. രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയ തിങ്കളാഴ്ച രാത്രിയാണ് പാലക്കാട് ജില്ലയിലെ കോങ്ങാട് ചുണ്ടക്കോട്ടിലെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി അണികളുടെ ഗുണ്ടായിസത്തിനു മുന്നില്‍ പോലീസ് നിഷ്പ്രഭരായത്. തടഞ്ഞുവച്ച പോലീസുകാരെ പാലക്കാടു നിന്ന് എ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമെത്തിയാണ് മോചിപ്പിച്ചത്. അതിനിടെ പ്രതി ഒളിത്താവളത്തില്‍നിന്നു മുങ്ങി.
കഞ്ചിക്കോട് ചടയന്‍കലായില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവര്‍ വീടുകയറിയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമമാണ് പാര്‍ട്ടി ഇടപെട്ടു തടഞ്ഞത്. ഡിസംബര്‍ 28നാണ് വീടിനുനേരേയുള്ള ആക്രമണത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഗുരുതരമായി പൊള്ളലേറ്റു രാധാകൃഷ്ണനും വിമലയും മരിച്ചത്. വിമലയുടെ ഭര്‍ത്താവ് കണ്ണന്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. എ.എസ്.പി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. ചടയന്‍കാലായിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചുണ്ടക്കോട്ടുള്ള ബന്ധുവീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം തിങ്കളാഴ്ച പകല്‍ പ്രദേശത്തു നിരീക്ഷണം നടത്തി രാത്രി പത്തരയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ തടഞ്ഞത്.
പാര്‍ട്ടി ഗ്രാമത്തിലേക്ക് പോലീസ് പ്രവേശിച്ചയുടന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറോളം വരുന്ന ആളുകള്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. പോലീസുകാര്‍ തിരിച്ചുപോരാനാവാതെ കുടുങ്ങിയതോടെ എ.എസ്.പി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് അടക്കം അറുപതോളം പോലീസുകാര്‍ രാത്രിതന്നെ സ്ഥലത്തെത്തി. പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന പാര്‍ട്ടി തീരുമാനത്തിനു വഴങ്ങി പോലീസുകാരെ മോചിപ്പിച്ച് പന്ത്രണ്ടര കഴിഞ്ഞ് പോലീസ് സംഘം തിരിച്ചുപോന്നു. ഇതിനിടെ പ്രതിയെ രക്ഷപ്പെടുത്തിയിരുന്നു. പ്രതിയുടെ സഹോദരനോട് സംസാരിക്കാന്‍ പോലും പോലീസിനെ അനുവദിച്ചില്ല. പ്രദേശത്ത് ലൈസന്‍സില്ലാതെ ക്വാറി നടത്തുന്നയാളാണ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ഇയാളായിരുന്നു പോലീസിനെ തടയാനും മുന്നില്‍ നിന്നത്.
Discussion about this post