തൃശൂര്‍: പാമ്പാടി നെഹ്റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ബിജെപി. ലോ അക്കാദമി ലോ കോളെജില്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെയാണ് ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ബിജെപി മുതിര്‍ന്ന നേതാവ് വി മുരളീധരന് ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ പിന്തുണ തേടി.
ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി എടുക്കുന്നതിന് വേണ്ടി വി മുരളീധരനായിരുന്നു നിരാഹാരം കിടന്നിരുന്നത്. എന്നാല്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് മുരളീധരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ വി വി രാജേഷായിരുന്നു നിരാഹാരം കിടന്നത്. ലക്ഷ്മി നായരുടെ രാജിയായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന സര്‍ക്കാര്‍ ഫോര്‍മുലയില്‍ വഴങ്ങി ബിജെപി ഉള്‍പ്പെടെയുള്ളവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ലോ അക്കാദമി സമരം അവസാനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടമ്പോഴാണ് ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സമരത്തിനൊരുങ്ങുന്നത്. അതേസമയം, മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള ഇടപെടലുണ്ടാകണമെന്നാണ് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ആവശ്യം. വി മുരളീധരന് മുന്നില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
Discussion about this post