നാദാപുരം: സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്ലിം യുവതിയെ ലീഗ് പ്രവര്‍ത്തകര്‍ വേട്ടയാടുന്നതായി പരാതി. ചിത്രത്തിന്റ പേരില്‍ നാദാപുരത്തെ പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ തനിക്ക് എതിരെ വന്‍ പ്രചരണമാണ് നടന്ന് വരുന്നതെന്ന് യുവതി ആരോപിക്കുന്നു. മത വെറിയുടെ ഇരയാണ് താനെന്നും മത വിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും യുവതി ചോദിക്കുന്നു.
ബംഗലൂരുവില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അസ്നിയ ആഷ്മിനാണ് സ്വന്തം നാട്ടില്‍ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തിഹത്യയെ കുറിച്ച് ശബ്ദമുയര്‍ത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്ക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഷാജഹാന്റെ നേതൃത്വത്തിലുള്ള ലീഗ് പ്രവര്‍ത്തകര്‍ പടക്കോപ്പ് കൂട്ടുന്നതെന്ന് അസ്നിയ ആരോപിക്കുന്നു.
‘തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്ക്കുന്നൂ’ എന്ന അധിക്ഷേപത്തോട് കൂടിയ ഓഡിയോ ക്ലിപ്പുകള്‍ നാദാപുരത്തെ പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി ആസ്നിയ പറയുന്നു. തനിക്കെതിരായ അധിക്ഷേപങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ പല ഗ്രൂപ്പുകള്‍ വഴി കൈമാറി പോകുകയാണ്.
സദാചാര അക്രമണത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു സദാചാര ഗുണ്ടായിസവും അസ്നിയ വെളിപ്പെടുത്തുന്നു. നോമ്പിനു വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായിരുന്ന കൂട്ടുകാരെ പിടിച്ചു കൊണ്ടു പോയി രാത്രി മുഴുവന്‍ നാദാപുരത്തെ പള്ളിയില്‍ കെട്ടിയിട്ടു എന്നതാണ് സംഭവം. ഗൗരവമേറിയ സദാചാര ഗുണ്ടായിസമാണ് അസ്നിയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ചിത്രത്തിന്റെ പേരില്‍ ദുബായിലുള്ള തന്റെ അനുജനെ വരെ ഇക്കൂട്ടര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും തട്ടമിടാതെ നില്ക്കുന്ന തന്റെ ചിത്രങ്ങള്‍ അടക്കം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇക്കൂട്ടര്‍ നിരന്തരം ചര്‍ച്ചാ വിഷയമാക്കുന്നൂവെന്നും ആസ്നിയ പറയുന്നു. ശാരീരികമായും സാമ്പത്തികമായും ഇവരോട് ഏറ്റുമുട്ടാന്‍ തന്റെ വീട്ടിലുള്ളവര്‍ക്ക് കഴിയില്ല. മതഭ്രാന്ത് പിടിച്ച മനുഷ്യരെയും മനുഷ്യക്കൂട്ടങ്ങളെയും ഭയക്കണമെന്നും അവരുടെ ആ അവസ്ഥയ്ക്ക് പിന്നില്‍ അനവധി കാരണങ്ങള്‍ ഉണ്ടായെന്നിരിക്കാമെന്നും സൂചിപ്പിച്ച ആസ്നിയ, തന്റെ സ്വന്തക്കാരെ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നു.
വിഷയത്തില്‍ നാദാപുരം എസ് ഐ ക്ക് ആസ്നിയ പരാതി മെയില്‍ ചെയ്തിട്ടുണ്ട്. കൂടാതെ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചതായും ആസ്നിയ വ്യക്തമാക്കി.
അതേസമയം, വിഷയം വിവാദമായതോടെ ആസ്നിയ ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
Discussion about this post