അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. 60 മണ്ഡലങ്ങളിലെ 48 സീറ്റുകളിലേക്കുളള സ്ഥനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയിലെത്തിയ മുൻ എംഎൽഎ മൊബോഷർ അലി ഉൾപ്പെടെയുളളവരുടെ പേരുകൾ പട്ടികയിൽ ഉണ്ട്. 11 പേർ വനിതകളാണ്.
കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി പ്രതിമ ഭൗമിക്കിന്റെ പേരും പട്ടികയിൽ ഉണ്ട്. ധൻപൂരിൽ നിന്നാണ് ഇവർ മത്സരിക്കുക. നിലവിൽ ത്രിപുരയിൽ നിന്നുളള എംപിയാണ് ഭൗമിക്. മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർഡോവാലിയിൽ നിന്നും മത്സരിക്കും.
കൈലാഷ്ഹർ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു മൊബോഷർ അലി. ഈ മണ്ഡലത്തിൽ നിന്ന് തന്നെയാണ് അലി വീണ്ടും ജനവിധി തേടുക. വെള്ളിയാഴ്ചയാണ് മൊബോഷർ അലിയും തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ഭൗമിക്കും ബിജെപിയിൽ എത്തിയത്.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും പാർലമെന്ററി കമ്മറ്റിയുമാണ് സ്ഥാനാർത്ഥികളുടെ പട്ടിക
തീരുമാനിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ റജിബ് ഭട്ടാചാർജി പറഞ്ഞു. സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് മൊബോഷർ അലി പാർട്ടി വിട്ടത്.
2018 ലാണ് 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 43.59 ശതമാനം വോട്ടുകളാണ് 2018 ൽ ബിജെപിക്ക് ലഭിച്ചത്.
Discussion about this post