ഡൽഹി: ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തിദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവാജി മഹാരാജിന്റെ ശൗര്യവും സദ്ഭരണത്തിൽ ഊന്നിയുളള പ്രവർത്തനവുമാണ് സർക്കാരിന്റെ പ്രചോദനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശിവാജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുളളവരും ശിവാജി മഹാരാജിന് ആദരവർപ്പിച്ചു. ജീവിതം പൂർണമായി രാജ്യത്തിനും വിശ്വാസത്തിനും വേണ്ടി സമർപ്പിച്ച ഭരണാധികാരിയായിരുന്നു ശിവാജി മഹാരാജെന്ന് അമിത് ഷാ കുറിച്ചു. ധീരനായ പോരാളിയായി മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പോരാടി. മികച്ച ഭരണകർത്താവായി പൊതുക്ഷേമത്തിന്റെ മാതൃക സൃഷ്ടിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
ധീരതയുടെയും ശൗര്യത്തിന്റെയും മൂർത്തിമദ് രൂപമാണ് ഛത്രപതി ശിവാജി മഹാരാജെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. ജനങ്ങളുടെ ഭരണാധികാരി എന്ന നിലയിൽ പൊതുക്ഷേമത്തിലും സദ്ഭരണത്തിലും സമർപ്പിതമായിരുന്ന അദ്ദേഹത്തിന് മുൻപിൽ ശിരസ് നമിക്കുന്നതായി രാജ്‌നാഥ് സിങ് കുറിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു ശിവാജി മഹാരാജ് എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കുറിച്ചു. ശിവാജി മഹാരാജിന്റെ ത്യാഗവും സമർപ്പണവും രാജ്യത്തെ പൗരൻമാർക്ക് പ്രചോദനമാണെന്നും എല്ലാം രാജ്യത്തിന് സമർപ്പിക്കാൻ അവർക്കുളള പ്രേരണയായി അത് മാറുമെന്നും ജെ.പി നദ്ദ കൂട്ടിച്ചേർത്തു.
Discussion about this post