ബീജിങ്: ദമ്പതിമാരുടെ ട്രപ്പീസ് അഭ്യാസത്തിനിടെ അപ്രതീക്ഷിത ദുരന്തം. ഭർത്താവിനൊപ്പം കയറിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്ന ഭാര്യ ഉയരത്തിലെത്തിയപ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ചൈനയിലാണ് സംഭവം.
ദുരന്ത നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൻട്രൽ ആൻഹുയി പ്രവിശ്യയിൽ സുഷു നഗരത്തിലെ തമ്പിലായിരുന്നു അപകടം. മുപ്പതടിയോളം ഉയരത്തിൽ നിന്നാണ് യുവതി താഴെ വീണത്.
ഇരുവരും ഒറ്റ റോപ്പിലാണ് അഭ്യാസം നടത്തിയത്. മുകളിലെത്തി തലകീഴായി മറിയുന്നതിനിടെ ഭർത്താവിന് യുവതിയുടെ കാലിൽ പിടുത്തം കിട്ടിയില്ല. തുടർന്ന് ഇവർ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ പതിവായി അഭ്യാസം നടത്തിയിരുന്നവരാണ് ഇരുവരും.
അതേസമയം യാതൊരു സുരക്ഷാ കരുതലുകളുമില്ലാതെയാണ് ഇരുവരും അഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നത്. യുവതി താഴെ വീഴുന്ന ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. സാധാരണ ഇത്തരം അഭ്യാസങ്ങൾ നടത്തുമ്പോൾ പിടിവിട്ടുപോയാലും താഴെ വീഴാതിരിക്കാൻ അഭ്യാസം നടത്തുന്നവർ സേഫ്റ്റി ബെൽറ്റുകൾ ഉപയോഗിക്കാറുണ്ട്.
താഴെ വീണ ഉടൻ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതിമാർക്ക് രണ്ട് കുട്ടികളും ഉണ്ട്. ലൈവ് അഭ്യാസം ആയതുകൊണ്ടു തന്നെ ഒറിജിനാലിറ്റിക്ക് വേണ്ടി ഇരുവരും സേഫ്റ്റി ബെൽറ്റ് ഒഴിവാക്കിയാണ് അഭ്യാസ പ്രകടനം നടത്തിയിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത്തരം അഭ്യാസങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post