ന്യൂഡൽഹി: സൗന്ദര്യത്തെക്കുറിച്ചുള്ള യുവതിയുടെ ചോദ്യത്തിന് കോൺഗ്രസ് എംപി ശശി തരൂരിന്റെ തഗ്ഗ് മറുപടി വൈറലാകുന്നു. നാഗാലാന്റിൽ യുവതീ-യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ശശി തരൂർ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.
പരിപാടിയ്ക്കിടെ വേദിയിലുണ്ടായിരുന്ന യുവതി ശശി തരൂരിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആരാഞ്ഞിരുന്നു. പ്രായമായിട്ടും ഇപ്പോഴും സൗന്ദര്യത്തോടെയും ഉന്മേഷവാനായും കാണപ്പെടുന്നു. അതേസമയം തന്നെ ബുദ്ധിശാലിയുമാണ്. എന്താണ് ഇതിന്റെ രഹസ്യം എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇത് കേട്ട് വേദിയിൽ ഒപ്പമുണ്ടായിരുന്നവർ ചിരിച്ചു. ഇതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ മറുപടി.
നിങ്ങൾ വളരെ നല്ലൊരു വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശി തരൂർ മറുപടി ആരംഭിച്ചത്. താൻ പറയുന്ന കാര്യങ്ങൾ തന്നെ പോലെ സൗന്ദര്യം നില നിർത്താൻ നിങ്ങളെ സഹായിച്ചെന്ന് വരില്ല. പിന്നെ അത് പറയേണ്ട കാര്യമുണ്ടോ. നിങ്ങളോട് എല്ലാവരോടും പറയാനുള്ളത് മാതാപിതാക്കളെ ബുദ്ധിപരമായി തിരഞ്ഞെടുക്കക എന്നതാണെന്നും തരൂർ കൂട്ടിച്ചേർത്തു.
ബാല്യം മുതലേ ശീലിച്ച കാര്യങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. ചെറുപ്പം മുതൽ തന്നെ നന്നായി വായിക്കും. താൻ ബുദ്ധിശാലിയാണെന്ന് നിങ്ങൾക്ക് തോന്നുന്നത് അതുകൊണ്ടാണ്. വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കുന്നത്. തനിക്ക് ആളുകൾക്ക് മുൻപിൽ സംസാരിക്കുക അത്ര എളുപ്പമായിരുന്നില്ല. നിരവധി തവണ അങ്ങനെ ചെയ്ത ശേഷമാണ് താൻ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആരംഭിച്ചതെന്നും തരൂർ പറഞ്ഞു.
Discussion about this post