ന്യൂഡൽഹി: ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് തങ്ങളുടെ ധർമ്മമെന്നാണ് ഇന്ന് കോൺഗ്രസുകാർ കരുതുന്നത്. പക്ഷെ എന്റെ ധർമ്മം നാടിന് വേണ്ടി പ്രവർത്തിക്കുകയെന്നത് ആണെന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് അനിൽ കെ ആന്റണി. ഡൽഹിയിൽ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ കെ മുരളീധരനും കെ സുരേന്ദ്രനുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.
ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിക്കും എന്ന അർത്ഥം വരുന്ന ധർമോ രക്ഷതി രക്ഷിത എന്ന ശ്‌ളോകം ചൊല്ലിയായിരുന്നു അനിൽ ആന്റണി വാർത്താസമ്മേളനം തുടങ്ങിയത്. അടുത്ത അൻപത് വർഷത്തെ രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുളള ആളാണ് പ്രധാനമന്ത്രി. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബഹുശക്തി ലോകത്ത് ഇന്ത്യയെ മുൻനിരയിലെത്തിക്കാനുളള വ്യക്തമായ പദ്ധതി അദ്ദേഹത്തിനുണ്ട്. ഞാൻ ഒരു യുവതലമുറയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയെ നിർമിക്കാനുളള കർമ്മത്തിൽ പങ്കെടുക്കേണ്ടത് എന്റെ ഡ്യൂട്ടിയായി കരുതുന്നുവെന്നും അനിൽ ആന്റണി പറഞ്ഞു.
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് പിതാവ് എകെ ആന്റണിയെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അനിൽ ആന്റണി പ്രതികരിച്ചു. ആ സ്‌നേഹത്തിന് ഒരു മാറ്റവും വരില്ല. അത് വ്യക്തിപരമായ കാര്യമാണ്. പക്ഷെ ഇപ്പോഴെടുത്ത തീരുമാനം ശരിയായ ചുവടുവെയ്പാണെന്ന് വിശ്വസിക്കുന്നുവെന്നും അനിൽ ആന്റണി പറഞ്ഞു.
ബിജെപിയുടെ 44 ാം സ്ഥാപന ദിനത്തിൽ തന്നെ ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയ ബിജെപി നേതൃത്വത്തിനോട് നന്ദി പറഞ്ഞാണ് അനിൽ ആന്റണി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.












