അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 2300 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ഇതുവരെ 810 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും നൽകുന്ന വിവരം.
ഗാസിയാൻടെപ്പിലായിരുന്നു റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം. ഇതിന് 80 മൈൽ വടക്ക് മാറി കാഹ്‌റമാൻമറാസിലാണ് രണ്ടാമത്തെ പ്രകമ്പനം ഉണ്ടായത്. ഇത് റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. രണ്ട് പ്രകമ്പനങ്ങളിലും കൂറ്റൻ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെയാണ് നിലംപൊത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്.
രണ്ട് വലിയ പ്രകമ്പനത്തിന് പിന്നാലെ ഇരുപതിലധികം തുടർ ചലനങ്ങൾ ഉണ്ടായതായിട്ടാണ് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. റിക്ടർ സ്‌കെയിലിൽ 6 തീവ്രത വരെ രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ ഇതിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തെ പലയിടത്തും തുടർചലനങ്ങൾ തടസപ്പെടുത്തി. ആദ്യ പ്രകമ്പനത്തിന്റെ ആഘാതത്തിൽ നിലംപൊത്തിയ കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങിയാണ് കൂടുതലും ആളുകൾ മരിച്ചത്. തുർക്കിയിലെ പത്ത് പ്രവിശ്യകളിലും ഭൂചലനം ബാധിച്ചു. പരിക്കേറ്റവരുടെ എണ്ണം പതിനായിരത്തോളമായിട്ടുണ്ട്.
1999 ൽ 17000 പേർ കൊല്ലപ്പെട്ട ഭൂചലനത്തിന് ശേഷം തുർക്കി നേരിടുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രകമ്പനത്തിന്റെ ആഘാതത്തിൽ ബഹുനില കെട്ടിടങ്ങൾ പോലും നിലം പൊത്തിയത്. സിറിയയിൽ എട്ട് നില കെട്ടിടം നിലംപൊത്തി 125 പേരാണ് ദുരന്തത്തിൽ പെട്ടത്. ഇവരെ രക്ഷിക്കാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
തുർക്കിക്കും സിറിയയ്ക്കും കൂടുതൽ ലോകരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകഴിഞ്ഞു.
Discussion about this post