ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപമുള്ള കടയിലേക്ക് മാംസാഹാരം വിതരണം ചെയ്യാൻ വിസമ്മതിച്ച ഫുഡ് ഡെലിവറി ബോയ് സ്വിഗ്ഗിയിൽ നിന്നും രാജിവച്ചു. കരോൾ ബാഗ് സ്വദേശി സച്ചിൻ പാഞ്ചാൽ ആണ് രാജിവച്ചത്. സ്വിഗ്ഗിയിൽ നിന്നും നടപടി നേരിടുമെന്ന ഭയത്തെ തുടർന്നാണ് അദ്ദേഹം സ്വമേധയാ സേവനം അവസാനിപ്പിച്ചത്.
വർഷങ്ങളായി സ്വിഗ്ഗിയിൽ ജോലി ചെയ്തുവരികയാണ് സച്ചിൻ പാഞ്ചാൽ. വെള്ളിയാഴ്ച കാശ്മീരി ഗേറ്റിന് സമീപമുള്ള ബാലാജി ഹനുമാൻ ക്ഷേത്ര ഭാഗത്ത് നിന്നും അഭിഷേക് ശർമ്മ മാംസാഹാരം കരോൾ ബാഗിലെ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തു. മട്ടൻ കുറുമയായിരുന്നു രാത്രി കഴിക്കാനായി അദ്ദേഹം ഓർഡർ നൽകിയത്. ഇത് പ്രകാരം കറിയുമായി പാഞ്ചാൽ സ്ഥലത്ത് എത്തി. ബാലാജി ഹനുമാൻ ക്ഷേത്ര സമുച്ഛയത്തിൽ പലഹാരക്കട നടത്തിവരികയാണ് അഭിഷേക് ശർമ്മ. ഓർഡർ നൽകിയ അഡ്രസ് ഉൾപ്പെടുന്ന സ്ഥലം ക്ഷേത്ര ഭൂമിയിൽ ആണെന്ന് വ്യക്തമായതോടെ കറി നൽകാൻ കഴിയില്ലെന്ന് പാഞ്ചാൽ അഭിഷേകിനെ അറിയിക്കുകയായിരുന്നു.
താൻ ഒരു ഹിന്ദു വിശ്വാസിയാണെന്നും ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കടയിലേക്ക് മാംസാഹാരം നൽകാൻ തനിക്ക് കഴിയില്ലെന്നു പാഞ്ചാൽ അഭിഷേകിനോട് വ്യക്തമാക്കി. അങ്ങനെ ചെയ്താൽ മതവികാരം വ്രണപ്പെടും. അധർമ്മം ചെയ്യാൻ തനിക്ക് ആകില്ലെന്നും പാഞ്ചാൽ പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി എങ്കിലും അവസാനം കറി തിരികെ കൊണ്ടുപോകാൻ അഭിഷേക് പറയുകയായിരുന്നു.
എന്നാൽ തിരികെ കറിയുമായി എത്തിയ സച്ചിൻ പാഞ്ചാലിനോട് ഹോട്ടൽ അധികൃതർ കാര്യം തിരക്കി. പാഞ്ചാൽ സംഭവം പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജോലി വിടാൻ സച്ചിൻ പാഞ്ചാൽ തീരുമാനിച്ചത്. അതേസമയം സച്ചിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ജോലി രാജിവച്ച അദ്ദേഹത്തിന് ഉടനെ ഒരു തൊഴിൽ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഹിന്ദു വിശ്വാസികൾ.
Discussion about this post