ബംഗളൂരു: കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്ടർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരുവിൽ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിലേക്ക് പോയ സ്വകാര്യ ഹെലികോപ്റ്ററിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളും മരുമകനും ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായാണ് ഹെലികോപ്ടറിൽ എത്തിയത്. ധർമ്മസ്ഥലയിൽ ഇറങ്ങിയ ഉടൻ ഹെലികോപ്റ്റർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ഡി കെ ശിവകുമാറിന്റെ സമ്പത്ത് അഞ്ച് വർഷംകൊണ്ട് 62 ശതമാനം വർദ്ധിച്ച് 1358 കോടി രൂപയായതായി വിവരം പുറത്തുവന്നിരുന്നു.കനക്പുര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ശിവകുമാർ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം വെളിപ്പെടുത്തിയ സ്വത്ത് വിവരമാണിത്.
നേരത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാർച്ച് 31 ന് ചിക്കബല്ലാപുര ജില്ലയിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. മെയ് 10-ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
Discussion about this post