കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് ഭാര്യയും കുട്ടികളും ഉൾപ്പെടുന്ന സ്വന്തം കുടുംബം ഇല്ലാത്തതിന്റെ ദു:ഖം പങ്കുവെച്ച് പ്രിയങ്ക. കൽപ്പറ്റയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് നോട്ടീസ് നൽകിയിരുന്നു. ഇതിനായി സാധനങ്ങൾ പായ്ക്ക് ചെയ്ത കാര്യം പരാമർശിക്കവേയാണ് സഹോദരി സ്വകാര്യദു:ഖം പങ്കുവെച്ചത്.
വസതി ഒഴിയുന്നതിനായി സാധനങ്ങൾ പായ്ക്ക് ചെയ്തുകഴിഞ്ഞതായി സഹോദരി പറഞ്ഞു. എല്ലാം താനാണ് പായ്ക്ക് ചെയ്തത്. ഓരോന്നും കാർഡ് ബോർഡ് പെട്ടികളിലാക്കി മാറ്റി കൃത്യമായി അടുക്കിവെച്ചുകഴിഞ്ഞു. അത് ചെയ്തുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് തനിക്കും വീട് മാറേണ്ടി വന്നപ്പോഴുണ്ടായ ബുദ്ധിമുട്ടുകൾ ഓർത്തു. അന്ന് തന്നെ സഹായിക്കാൻ കുട്ടികളും ഭർത്താവും ഉണ്ടായിരുന്നു. എന്നാൽ രാഹുലിന് സ്വന്തം ഭാര്യയോ കുട്ടികളോ കുടുംബമോ ഇല്ലെന്ന് താൻ ഓർത്തുവെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
വയനാട്ടിലേക്കുളള തന്റെയും സഹോദരന്റെയും ഇത്തവണത്തെ വരവ് വൈകാരികമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക പ്രസംഗം തുടങ്ങിയത്. പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ സൂററ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് രാഹുൽ ജനപ്രാതിനിധ്യ നിയമപ്രകാരം വയനാട് എംപിസ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടത്. ഇതിന്റെ തുടർ നടപടിയുടെ ഭാഗമായിട്ടാണ് 12 തുഗ്ലക്ക് ലെയ്‌നിലെ ഔദ്യോഗിക വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് നൽകിയത്.
അയോഗ്യനാക്കപ്പെട്ട ശേഷം വയനാട്ടിലേക്ക് ആദ്യമായിട്ടാണ് രാഹുലും പ്രിയങ്കയും എത്തുന്നത്. രാഹുലിന് സംഭവിച്ചത് ഒരു സൂചനയാണെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഹുൽ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. ഏറെ അനുകമ്പ ഉളളയാളാണ് തന്റെ സഹോദരനെന്നും മറ്റുളളവരുടെ സങ്കടങ്ങൾ കേൾക്കാൻ എപ്പോഴും അദ്ദേഹം താൽപര്യം കാണിച്ചിരുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
രാഹുലിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് ബിജെപിയെ രാഷ്ട്രീയമായി ആക്രമിക്കാനും പ്രിയങ്ക മറന്നില്ല. ഒറ്റ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ പേരിലാണ് രാഹുലിനെ വേട്ടയാടുന്നത് എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. രാഹുലിന്റെ എംപി സ്ഥാനം കോടതിയുടെ മുൻപിലാണ്.
ചോദ്യങ്ങൾ ചോദിക്കുന്നതും വിഷയങ്ങൾ ഉയർത്തുന്നതുമൊക്കെ ഒരു പാർലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്വമാണ്. ഭരണഘടനയിൽ തന്നെ നമുക്ക് സ്വതന്ത്രമായി സംവാദം നടത്താനും ചോദ്യങ്ങൾ ചോദിക്കാനും അവകാശം നൽകുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എംപിമാരും എല്ലാവരും ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ രാഹുലിനെ അവഹേളിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
Discussion about this post