ന്യൂയോർക്ക്: മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് സ്രാവ്. മെക്‌സികോയിലായിരുന്നു സംഭവം. സ്രാവ് മനുഷ്യരുടെ തല കടിച്ചെടുക്കുന്ന സംഭവം അപൂർവ്വമാണെന്ന് വിദഗ്ധർ പ്രതികരിച്ചു.
കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു സംഭവം എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മാനുവൽ ലോപ്‌സ് എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. മാനുവൽ ലോപ്‌സും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ചേർന്ന് ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. ഇതിനിടെയാണ് അവിടേയ്ക്ക് വെള്ള സ്രാവ് എത്തിയത്. ഉടനെ ബോട്ടിൽ ഇരിക്കുകയായിരുന്ന മാനുവലിന്റെ തല കടിച്ചെടുത്ത് ആഴക്കടലിലേയ്ക്ക് പോകുകയായിരുന്നു.
പേടിച്ച സുഹൃത്ത് ഉടനെ കരയിലേക്ക് വന്ന് മറ്റുള്ളവരോട് കാര്യം പറഞ്ഞു. സംഭവം കേട്ട സഹപ്രവർത്തകരും അമ്പരന്നു. ഉടനെ സ്രാവ് തലകടിച്ചെടുത്ത സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായി. ഇതോടെ സംഭവത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് എത്തുകയായിരുന്നു.
സാധാരണയായി സ്രാവുകൾ മനുഷ്യരുടെ തല കടിച്ചെടുക്കാറില്ലെന്ന് ബോസ്റ്റൺ സർവ്വകലാശാലയിലെ മറൈൻ ബയോളജിസ്റ്റ് ആയ ഗ്രെഗ് സ്‌കോമൾ പറഞ്ഞു. വളരെ അപൂർവ്വമായി മാത്രമാണ് സ്രാവുകൾ മനുഷ്യരെ ആക്രമിക്കാറുള്ളത്. ഇരയാണെന്ന് കരുതിയാണ് സ്രാവുകൾ മനുഷ്യരെ ആക്രമിക്കുന്നത്. ഇത്തരത്തിൽ തെറ്റിദ്ധരിച്ചാൽ പോലും ആദ്യം സ്രാവുകൾ കാലുകളിലാണ് കടിക്കുക. തന്റെ ഇരയല്ലെന്ന് മനസ്സിലാക്കിയാൽ പിന്നെ സ്രാവ് പിടിവിടും. പിന്നീട് മറ്റ് ഇരയെ തേടി പോകും. അതുകൊണ്ടാണ് ഈ സംഭവം അസാധാരണമാണെന്ന് പറയുന്നത്. ഒരു പക്ഷേ സ്രാവിന് നന്നായി വിശന്നിരിക്കാം. അതാകും തല തന്നെ കടിച്ചെടുത്ത് കൊണ്ടുപോകാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം സംഭവത്തിന്റെ ഞെട്ടലിലാണ് കൊല്ലപ്പെട്ട മാനുവൽ ലോപ്‌സിന്റെ സഹപ്രവർത്തകർ.
വളരെ ദാരുണ സംഭവമാണ് ഉണ്ടായതെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനാ നേതാവ് ജോസ് ലൂയിസ് റെയ്‌ന പറഞ്ഞു. കടലിൽ നിന്നും വിഭവങ്ങൾ ശേഖരിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. എങ്കിലും ഇതല്ലാതെ വേറെ മാർഗ്ഗമില്ല. തങ്ങളുടെ ജീവിതം തന്നെ കടലിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഈ കടൽ തീരത്ത് ആദ്യമായല്ല മനുഷ്യർ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ വർഷവും ഇവിടെ മനുഷ്യനെ ആക്രമിച്ചിരുന്നു.
Discussion about this post