ഛത്ര: ഝാർഖണ്ഡിലെ ഛത്രയിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. ഛത്ര -പലാമു അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഝാർഖണ്ഡ് പോലീസ് അറിയിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
പ്രദേശത്ത് ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണെന്ന് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് ലത്കാർ പറഞ്ഞു. പ്രദേശം വളഞ്ഞ് കൂടുതൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ നടത്തുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഗൗതം പാസ്വാൻ എന്ന കമ്യൂണിസ്റ്റ് ഭീകരനേതാവാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ സ്‌പെഷൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ. ഝാർഖണ്ഡ് പോലീസിന് പുറമേ സിആർപിഎഫും ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ ഒളിവിൽ കഴിയുന്നതായ രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ.
സിആർപിഎഫിന്റെ കോബ്ര 203, ജാഗ്വാർ എന്ന ജാർഖണ്ഡ് സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് , നക്‌സൽ വിരുദ്ധ സേന തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഓപ്പറേഷൻ. ഛത്രയിലെ ലവ്‌ലോങ് മേഖലയിലും പലാമുവിലെ ദ്വാരിക മേഖലയിലുമാണ് തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post