ലക്നൗ : റോയൽ ചലഞ്ചേഴ്സ് – സൂപ്പർ ജയന്റ്സ് മത്സരത്തിനു ശേഷം തമ്മിൽ കോർത്ത ഗൗതം ഗംഭീറിനും വിരാട് കോഹ്‌ലിക്കും കടുത്ത പിഴ ചുമത്തി ബിസിസിഐ. നൂറു ശതമാനം മാച്ച് ഫീസും പിഴയായി നൽകാനാണ് ബിസിസിഐ നിർദ്ദേശം. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി കാണിച്ചതിനെ തുടർന്നാണ് തീരുമാനം.
ലക്നൗവിൽ നടന്ന മാച്ചിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 18 റൺസിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സിനെ കുറഞ്ഞ സ്കോറിന് ഒതുക്കിയെങ്കിലും വിജയം നേടാൻ ലക്നൗവിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ലക്നൗവിനൊപ്പമായിരുന്നു. അന്ന് വിജയത്തിനു ശേഷം ഗൗതം ഗംഭീർ റോയൽ ചലഞ്ചേഴ്സ് ആരാധകരെ നോക്കി ആംഗ്യം കാണിച്ചിരുന്നുവെന്നാണ് ആരോപണം.
കളിക്കിടയിൽ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖും കോഹ്ലിയുമായി ഉണ്ടായ ഉരസലാണ് പിന്നീട് വലിയ വാക്കേറ്റത്തിലേക്ക് വഴിവെച്ചത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനു ശേഷം കോഹ്ലി കാൽ പൊക്കി ഷൂസിനടിയിലെ മണ്ണ് എടുത്തു കളഞ്ഞതിനു പിന്നാലെ ആംഗ്യം കാണിച്ചത് വീണ്ടും പ്രകോപനത്തിന് കാരണമായി. നവീൻ തനിക്ക് ഷൂസിന്റടിയിലെ പൊടിക്ക് തുല്യമാണെന്നായിരുന്നു കോഹ്ലിയുടെ ആംഗ്യം.
https://twitter.com/suprVK/status/1653219786611130368?s=20
കളിക്ക് ശേഷം രംഗം തണുപ്പിക്കാൻ ലക്നൗ ജയന്റ്സ് ക്യാപ്ടൻ കെ.എൽ രാഹുൽ ശ്രമിച്ചെങ്കിലും നവീൻ വഴങ്ങിയില്ല. കോഹ്‌ലിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ നവീനെ രാഹുൽ അടുത്തേക്ക് വിളിച്ചെങ്കിലും നവീൻ അത് കേൾക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിനിടയിൽ പ്രശ്നം തീർക്കാൻ ഗംഭീർ ഇടപെട്ടെതിനെ തുടർന്ന് തർക്കം കോഹ്‌ലിയും ഗംഭീറും തമ്മിലായി . ഇരുവരും മിനിറ്റുകളോളം വാഗ്വാദത്തിൽ ഏർപ്പെട്ടു. രണ്ട് ടീമിലേയും കളിക്കാർ വളരെ പണിപ്പെട്ടാണ് ഇരുവരേയും നിയന്ത്രിച്ചത്.
https://twitter.com/KuthaRamp/status/1653120789510787073?s=20
2013 ലും കോഹ്‌ലി – ഗംഭീർ വാക്കേറ്റം ഉടലെടുത്തിരുന്നു. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്നു ഗൗതം ഗംഭീർ. ലക്ഷ്മിപതി ബാലാജിയുടെ പന്തിൽ കോഹ്‌ലി പുറത്തായതിനു ശേഷമായിരുന്നു വാക്കേറ്റം ഉണ്ടായത്.
Discussion about this post