2021 ലെ ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു ആവേശകരമായ ആ സമനില പിറന്നത്. ഓസ്ട്രേലിയൻ മണ്ണിൽ അഞ്ചാം ദിവസം ഒരു സമനില എന്നത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. പ്രത്യേകിച്ചും അഞ്ച് മുൻനിര ബാറ്റർമാർ പവലിയൻ കയറിയ സാഹചര്യത്തിൽ. എന്നാൽ ഹനുമ വിഹാരിയും രവിചന്ദ്ര അശ്വിനും 258 പന്തുകൾ പിടിച്ചു നിന്നാണ് ഓസ്ട്രേലിയയുടെ വിജയം നിഷേധിച്ചത്. മൂന്നാം ടെസ്റ്റിൽ സമനില പിടിച്ച ഇന്ത്യ നാലാം ടെസ്റ്റിൽ വിജയിച്ച് ടെസ്റ്റ് പരമ്പര നേടുകയും ചെയ്തു. നേരത്തെ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചിരുന്നു.
മൂന്നാം ടെസ്റ്റിൽ വിജയിക്കാൻ 407 റൺസ് എന്ന ലക്ഷ്യവുമായി കളി ആരംഭിച്ച ഇന്ത്യക്ക് 275 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ബാക്കിയുള്ളത് 42.4 ഓവറുകൾ. ക്രീസിൽ ഹനുമ വിഹാരിയും രവിചന്ദ്ര അശ്വിനും. തുടർന്ന് ബാറ്റ് ചെയ്യാനുള്ള അംഗീകൃത ബാറ്റർ രവീന്ദ്ര ജഡേജയാവട്ടെ പരിക്ക് മൂലം അത്യാവശ്യമാണെങ്കിൽ മാത്രം ബാറ്റ് ചെയ്യാൻ കഴിയുന്ന സാഹചര്യത്തിലും. തുടർന്നാണ് സിഡ്നി കണ്ട പ്രസിദ്ധമായ പോരാട്ടം പിറന്നത്. നാഥൻ ലിയോണിന്റെ കുഴയ്ക്കുന്ന പന്തുകളേയും ഓസീസ് പേസർമാരുടെ തീ പാറുന്ന പന്തുകളേയും അതി ജീവിച്ച് ഇരുവരും ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.
കളി പുരോഗമിക്കുന്നതിനിടെ ഹനുമ വിഹാരിക്ക് പരിക്ക് മൂലം ഓസീസ് സ്പിന്നർ നാഥൻ ലിയോണിനെതിരെ കളിക്കാൻ കഴിയുന്നില്ല എന്ന് കോച്ച് രവിശാസ്ത്രി മനസ്സിലാക്കി. അതേ സമയം രവിചന്ദ്ര അശ്വിനാകട്ടെ പേസർമാരെ നേരിടുന്നതിൽ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. തുടർന്നാണ് പന്ത്രണ്ടാമനായ ശാർദൂൽ ഠാക്കൂറിനെ രവിശാസ്ത്രി തന്റെ നിർദ്ദേശവുമായി കളിക്കളത്തിലേക്ക് അയച്ചത്.
ഒരു കാരണവശാലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യരുതെന്നായിരുന്നു രവിശാസ്ത്രിയുടെ നിർദ്ദേശം. നിർബന്ധമായും അശ്വിൻ ഓസീസ് സ്പിന്നർക്കെതിരേയും ഹനുമ വിഹാരി പേസ് ബൗളർമാർക്കെതിരേയും ബാറ്റ് ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ നീക്കണമെന്നായിരുന്നു ശാസ്ത്രിയുടെ നിർദ്ദേശം. അശ്വിൻ പേസ് ബൗളർക്കെതിരേയും വിഹാരി ലിയോണിനെതിരേയും കളിക്കേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാക്കരുത്. വെള്ളക്കുപ്പികളുമായി ഗ്രൗണ്ടിലെത്തിയ ഠാക്കൂർ നിർദ്ദേശം നൽകി തിരിച്ചു പോരുന്നു. താൻ പറഞ്ഞത് അവരെ അറിയിച്ചോ എന്ന ശാസ്ത്രിയുടെ ചോദ്യത്തിന് അറിയിച്ചു എന്ന് ഠാക്കൂർ മറുപടിയും പറഞ്ഞു.
കളി കഴിഞ്ഞ് സമനില നേടി അശ്വിനും വിഹാരിയും ഡ്രസിംഗ് റൂമിലെത്തിയപ്പോഴാണ് രഹസ്യം പുറത്തായത്. എന്താണ് ഡ്രസിംഗ് റൂമിൽ നിന്നുള്ള നിർദ്ദേശം എന്ന ചോദ്യത്തിന് നിങ്ങൾ നന്നായി കളിക്കുന്നുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ മതി. എല്ലാം നന്നാകുന്നുണ്ട് എന്നായിരുന്നു ശാർദൂൽ ഠാക്കൂർ പറഞ്ഞത്. ശാസ്ത്രി പറഞ്ഞയച്ചതല്ല ശാർദൂൽ ഠാക്കൂർ അശ്വിനോട് പറഞ്ഞത്.
ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് കോച്ചായിരുന്ന ആർ. ശ്രീധർ എഴുതിയ പുസ്തകത്തിലാണ് സംഭവത്തെക്കുറിച്ച് വിവരിച്ചത്. കളിക്കാർ തമ്മിലുള്ള ആത്മബന്ധവും സമയത്ത് പറയേണ്ടത് എന്താണെന്ന് തിരിച്ചറിഞ്ഞ് അത് ചെയ്ത ശാർദൂൽ ഠാക്കൂറിന്റെ മനസ്സാന്നിദ്ധ്യവും അഭിനന്ദനീയമാണെന്നും ശ്രീധർ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post