ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി ഹരിയാന സർക്കാർ. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്നലെ ആരോഗ്യവകുപ്പ് യോഗം ചേർന്നിരുന്നു. ഇതിലാണ് പ്രതിരോധ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.
നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. പോസിറ്റിവിറ്റി റേറ്റിലും വർദ്ധനവുണ്ട്. ഇത് തടയണമെങ്കിൽ മുൻ വർഷങ്ങളിലെ പോലെ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലങ്ങൾക്ക് പുറമേ 100 ലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ, സർക്കാർ ഓഫീസ്, മാളുകൾ എന്നിവിടങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ഇത് കർശനമായി നടപ്പിലാക്കാൻ പഞ്ചായത്തുകൾക്കാണ് ചുമതല നൽകിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ മാസ്‌ക് നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാനായിരുന്നു നിർദ്ദേശം. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ നേരത്തെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
Discussion about this post