ന്യൂഡൽഹി; റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ റെക്കോഡ് വർദ്ധന. ഡിസംബർ മാസം മാത്രം മുൻ വർഷം ഇതേ കാലയളവിനെക്കാൾ 33 മടങ്ങ് അധികം എണ്ണയാണ് റഷ്യയിൽ നിന്ന് വാങ്ങിയത്. പ്രതിദിന ശരാശരി 1.2 മില്യൻ ബാരൽ ആണ് ഡിസംബറിലെ റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി കണക്ക്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നവംബറിനെ അപേക്ഷിച്ച് 29 ശതമാനം അധിക എണ്ണയാണ് ഇന്ത്യ ഡിസംബറിൽ റഷ്യയിൽ നിന്നും ഇറക്കിയത്. തുടർച്ചയായ മൂന്നാം മാസമാണ് റഷ്യ ഇന്ത്യയിലേക്കുളള ഓയിൽ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്.
ഒപെക് രാജ്യങ്ങളെ ആയിരുന്നു നേരത്തെ എണ്ണ ഇറക്കുമതിക്കായി ആശ്രയിച്ചിരുന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുമായുളള വാണിജ്യ ഉപരോധത്തിന്റെ ഭാഗമായി എണ്ണ ഇറക്കുമതിയും വിലക്കിയിരുന്നു. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുകയായിരുന്നു. ഇതോടെ ഇറാഖിനെയും സൗദിയെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറി. നേരത്തെ ചൈനയായിരുന്നു റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുമധികം ഇറക്കുമതി ചെയ്തിരുന്ന രാജ്യം.
നിലവിൽ ക്രൂഡ് ഓയിലിന്റെ ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നികത്തിക്കൊണ്ടിരിക്കുന്നത്. റഷ്യയ്ക്ക് പുറമേ ഡിസംബറിൽ ഇറാഖിൽ നിന്നുളള എണ്ണ ഇറക്കുമതിയിലും ഏഴ് ശതമാനത്തിന്റെ വർദ്ധന ഉണ്ടായിട്ടുണ്ട്. 886,000 ബാരൽ എണ്ണയാണ് പ്രതിദിനം ഇറാക്കിൽ നിന്ന് ഇന്ത്യൻ റിഫൈനറികൾ വാങ്ങിയത്. സൗദിയിൽ നിന്നുളള ഇറക്കുമതിയിൽ 12 ശതമാനവും വർദ്ധനയുണ്ടായി. 748,000 ബാരലാണ് സൗദിയിൽ നിന്നുളള ഇറക്കുമതിയുടെ പ്രതിദിന കണക്ക്.









