ന്യൂഡൽഹി : ചരക്ക് ഗതാഗതത്തിൽ വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. പുതുതായി 84,000 വാഗണുകൾക്ക് ഓർഡർ നൽകി. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണിത്. ചരക്ക് ഗതാഗതത്തിൽ നിലവിലെ 27 ശതമാനമെന്നത് 45 ശതമാനത്തിലേക്ക് എത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി ദർശന ജർദോഷാണ് അസോചം ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2006 മുതൽ 2014 വരെയുള്ള കാലയളവിൽ ദിവസം 4.16 കിലോമീറ്ററിന്റെ പദ്ധതിയായിരുന്നു പൂർത്തിയാക്കിയിരുന്നത്. ഇത് 7 കിലോമീറ്ററാക്കി വർദ്ധിപ്പിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. 2023 ൽ അത് 12 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എത് മുക്കിലും മൂലയിലും ബന്ധമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ റെയിൽവേ മാറിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
2006 മുതൽ 2014 വരെ 4557 കിലോമീറ്റർ പാതയാണ് ഇരട്ടിപ്പിച്ചത്. മോദി സർക്കാരിന്റെ കാലത്ത് ഇതുവരെ 13,080 കിലോമീറ്റർ പാത ഇരട്ടിപ്പിക്കാൻ കഴിഞ്ഞു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ 61 ശതമാനം പൂർത്തിയായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധമാണ് ഇത്തവണത്തെ ബജറ്റിൽ മോദി സർക്കാർ റെയിൽവേക്ക് നീക്കിവെച്ചത്. 2.40 ലക്ഷം കോടിയാണ് റെയിൽവേയുടെ സമഗ്ര വികസനത്തിനായി നീക്കിവെച്ചത്.
Discussion about this post