ഹിസ്ബുള്ളയെ പരിഭ്രാന്തരാക്കിയ പേജര്‍ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രായേല്‍. ഹിസ്ബുള്ളയെ തുടച്ചുനീക്കുമെന്ന് തന്നെയാണ് ഇസ്രായേലിന്റെ പ്രതിജ്ഞ. മുമ്പ് തന്നെ ലബനന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ ഇസ്രായേല്‍ വിന്യസിച്ചിരുന്നു യുദ്ധത്തിന്റെ പുതിയ ഘട്ടമെന്നാണ് ഇസ്രായേല്‍ ഇതിനെ വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വ്യോമസേനാ താവളത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ 98-ാം ഡിവിഷനാണ് ലെബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത്. നേരത്തെ ഗസ്സ മുനമ്പില്‍ നിലയുറപ്പിച്ച ഡിവിഷനായിരുന്നു ഇവര്‍.
അതേസമയം, പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇത് വരെ ഇസ്രായേല്‍ ആണെന്ന അനുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാല്‍ പിന്നിലുള്ള കരങ്ങള്‍ തങ്ങളുടേത് തന്നെയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രാജ്യം. യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒഴിപ്പിച്ച ഇസ്രായേലികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിരവധി കഴിവുകള്‍ ഇസ്രായേലിനുണ്ടെന്ന് ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവിയും പറഞ്ഞു. അതേസമയം, ഇനി ഹിസ്ബുള്ളയോ ഇറാനോ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇസ്രായേലിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇടപെട്ടിരുന്നു. പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേജര്‍ സ്ഫോടനപരമ്പര നടന്നത്. ‘ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന് ഇറാനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ മാത്യു മില്ലര്‍ പറഞ്ഞിരുന്നു.
Discussion about this post