ബംഗലൂരു: ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പുമായി ഐഎസ്ആർഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) സ്വയം നിയന്ത്രിത ലാൻഡിങ് ദൗത്യം ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. ബംഗലൂരുവിൽ നിന്നും 220 കിലോമീറ്റർ അകലെയുളള ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്ന് ആയിരുന്നു പരീക്ഷണം. ഞായറാഴ്ച രാവിലെ ആയിരുന്നു പരീക്ഷണം നടത്തിയതെന്ന് ഐഎസ്ആർഒ അറിയിച്ചു.
വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ വരവോടെ ഉപഗ്രഹ വിക്ഷേപണത്തിൽ ഉൾപ്പെടെ വലിയ തോതിൽ ചിലവ് കുറയ്ക്കാനാകും. ചെറിയ ലോഞ്ച് വെഹിക്കിളിലായിരുന്നു ഞായറാഴ്ച പരീക്ഷണം നടത്തിയത്. യഥാർത്ഥ വിക്ഷേപണ വാഹനം ഇതിന്റെ 1.6 മടങ്ങോളം വരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. റൺവേയിലേക്ക് സ്വയം നിയന്ത്രിച്ച് വാഹനം ലാൻഡ് ചെയ്യിപ്പിക്കുന്നതായിരുന്നു പരീക്ഷിച്ചത്.
ചിറകുകളുളള വസ്തു ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിലെത്തിക്കുന്നതും അവിടെ നിന്നും ഭൂമിയിലേക്ക് സ്വയം നിയന്ത്രിത ലാൻഡിംഗിനായി റിലീസ് ചെയ്യുന്നതും ലോകത്ത് ആദ്യപരീക്ഷണ രീതിയാണെന്ന് ഐഎസ്ആർഒ അവകാശപ്പെട്ടു. ലാൻഡിങ് സമയത്തെ ചലനവേഗം ഉൾപ്പെടെ പത്ത് കാര്യങ്ങളാണ് ഐഎസ്ആർഒ പരിശോധനാ വിധേയമാക്കിയത്. ഈ ലക്ഷ്യങ്ങൾ വിജയകരമായി ഭേദിച്ചതായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
രാവിലെ 7.10 ഓടെയായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറാണ് വിക്ഷേപണ വാഹനവും വഹിച്ച് ആകാശത്തേക്ക് പറന്നത്. കംപ്യൂട്ടറുകൾ വഴി നൽകിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി 4.6 കിലോമീറ്റർ ഉയരത്തിൽ വിക്ഷേപണ വാഹനം വിടുതൽ ചെയ്യുകയും ഭൂമിയിലേക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിക്കുകയുമായിരുന്നു.
Discussion about this post