മുംബൈ: വിമാനത്തിൽ അക്രമം നടത്തിയ ഇറ്റാലിയൻ യുവതി അറസ്റ്റിലായി. 45 കാരിയായ പൗള പെറൂഷിയോ ആണ് പിടിയിലായത്. അബുദബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന വിസ്താര എയർലൈൻ ഫ്‌ളൈറ്റിലായിരുന്നു യുവതി അക്രമം നടത്തിയത്.
ഇക്കണോമി ക്ലാസ് ടിക്കറ്റായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ വിമാനം പുറപ്പെട്ടതിന് പിന്നാലെ ഇവർ ബിസിനസ് ക്ലാസിലേക്ക് ഓടിപ്പോയി ഇരിക്കുകയായിരുന്നു. ഇവിടെ ഇരിക്കാൻ അനുമതിയില്ലെന്ന് ഇവരെ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല. ക്യാബിൻ ക്രൂവിന്റെ മുഖത്തിടിക്കുകയും ചെയ്തു. ഇതോടെ മറ്റൊരു വനിതാ ക്രൂ അംഗമെത്തി ഇവരെ അനനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുഖത്ത് തുപ്പുകയായിരുന്നു. പിന്നീട് അക്രമാസക്തയാകുകയും ചെയ്തു.
വസ്ത്രങ്ങൾ ഊരി വിമാനത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ നടന്ന് അസഭ്യ വർഷം നടത്തിയ ഇവരെ പൈലറ്റിന്റെ നിർദ്ദേശ പ്രകാരം ക്യാബിൻ ക്രൂ ജീവനക്കാർ ബലമായി കീഴടക്കുകയായിരുന്നു. ഇവർ ലഹരി ഉപയോഗിച്ചതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഇവരെ സീറ്റിനോട് ചേർത്ത് ബന്ധിച്ചാണ് വിമാനം സുരക്ഷിതമായ ലാൻഡിംഗ് പൂർത്തിയാക്കിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് മുംബൈയിലെത്തിയ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ഇവരുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്ധേരി കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
Discussion about this post