ന്യൂയോർക്ക്: ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയതിൽ ചൈനയോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രകോപനം ഉണ്ടാക്കരുതെന്ന് പലതവണ രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയോട് ഒരിക്കലും സംഘർഷത്തിന് താത്പര്യമില്ലെന്നും ബൈഡൻ പറഞ്ഞു.
താന്റെ ഭരണത്തിലേറിയ അന്ന് മുതൽ ഒരു കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ചൈനയുമായി സംഘർഷത്തിനല്ല , മറിച്ച് മത്സരത്തിനാണ് താത്പര്യം. പുതിയ ശീതയുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല. ചാര ബലൂണുകൾ തകർത്തെറിഞ്ഞതിൽ ചൈനയോട് മാപ്പ് പറയാൻ തയ്യാറല്ല. ചൈനയോടുള്ള മത്സരം തുടരും. ഈ മത്സരം ഒരിക്കലും സംഘർഷത്തിലേക്ക് കടക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു.
വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായി അമേരിക്കൻ നയതന്ത്രജ്ഞ്രർ അടിക്കടി ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗവുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ലോകത്ത് ഏറ്റവും കഴിവുള്ളവരാണ് തങ്ങളെന്ന് സൈനികരും തെളിയിച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരുന്നു ചാര ബലൂൺ വെടിവെച്ച് വീഴ്ത്താൻ തീരുമാനിച്ചത്. നിരവധി സ്‌കൂൾ ബസുകൾ ചേർത്തു വച്ചാലുണ്ടാകുന്ന വലിപ്പം ആയിരുന്നു ബലൂണിന് ഉണ്ടായിരുന്നത്. അതിനാൽ ജനവാസ മേഖലകളിൽ എത്തുമ്പോൾ ഇത് തകർക്കുക പ്രയാസമായിരുന്നു. അതിനാൽ കാത്തിരുന്നു. ജനവാസ മേഖലകളിൽ നിന്നും ബലൂൺ നീങ്ങിയ ശേഷമാണ് വെടിവച്ചിട്ടതെന്നും ബൈഡൻ വ്യക്തമാക്കി.











