കൊച്ചി; സിനിമയിലെ പവര്‍ ഗ്രൂപ്പ് അതിശക്തരാണെന്നും അത്തരത്തിലുള്ള വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും സംവിധായകന്‍ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തില്‍ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്തില്‍നിന്നു തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതു ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടായിരുന്നു.
താന്‍ വിചാരിച്ചതിനേക്കാള്‍ ശക്തരാണു പവര്‍ ഗ്രൂപ്പെന്നും് ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങളുണ്ടെന്നു തെളിയിക്കാന്‍ ബംഗാളില്‍നിന്ന് ഒരാള്‍ വരേണ്ടി വന്നു. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല.
എന്നാല്‍ ഡബ്ല്യുസിസി എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയില്‍ വലിയ വ്യത്യാസമുണ്ടായി. ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നല്‍കാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.
ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവര്‍ പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുഹൃത്തായ ശ്രീലേഖയെ വിളിച്ചപ്പോഴാണ് അവര്‍ വിഷമത്തോടെ ഇക്കാര്യം പറഞ്ഞത്. ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിന്‍ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post