ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായി കൊമ്പുകോർത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം നാട്ടിലെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ നടന്ന സർവ്വെയിൽ കാനഡയിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും ട്രൂഡോയ്ക്ക് കസേര നഷ്ടമാകുമെന്നാണ് വെളിപ്പെടുന്നത്. കാനഡയിലെ ഗ്ലോബൽ ന്യൂസാണ് സർവ്വെ റിപ്പോർട്ട് പുറത്തുവിട്ടത്.
കാനഡയിലെ 40 ശതമാനം പേരും കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലീവ്‌റെ പ്രധാനമന്ത്രിയാകണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് സർവ്വെ വ്യക്തമാക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ പിയറി പൊയ്‌ലീവ്‌റെയെ പിന്തുണയ്ക്കുമെന്നാണ് 39 ശതമാനം കനേഡിയൻ പൗരൻമാരും പറയുന്നത്. ട്രൂഡോയ്ക്ക് 30 ശതമാനം മാത്രമാണ് പിന്തുണ. 2015 ലാണ് ലിബറൽ പാർട്ടിയെ നയിച്ച് ട്രൂഡോ അധികാരത്തിലെത്തിയത്.
2025 ലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജൂലൈയിൽ നടന്ന മറ്റൊരു സർവ്വെയിലും ട്രൂഡോയ്‌ക്കെതിരായ ജനരോഷം വ്യക്തമായിരുന്നു. അൻപത് വർഷത്തിലധികമായി കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി പോലും ട്രൂഡോയെ ഇതിൽ മുദ്രകുത്തിയിരുന്നു.
ഖാലിസ്ഥാൻ അനുകൂലി ഹർദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ ബന്ധം അന്വേഷിക്കുകയാണെന്ന ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായത്. രണ്ടാഴ്ച മുൻപ് ജി 20 യിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ട്രൂഡോയുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഖാലിസ്ഥാൻ അനുകൂലികളെ സംരക്ഷിക്കുന്നതിലും കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിലും അതൃപ്തി അറിയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന വാദം നിരത്തിയാണ് ട്രൂഡോ ഖാലിസ്ഥാന്റെ വിധ്വംസക പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത്.
വരുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഒഴിവാക്കാൻ കാനഡയിലെ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പിക്കുകയാണ് ട്രൂഡോയുടെ ലക്ഷ്യം. 2025 ലെ തിരഞ്ഞെടുപ്പ് വരെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ വംശജനായ ജഗ്മീത് സിംഗ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഖാലിസ്ഥാനി അനുകൂലിയാണ് ജഗ്മീത് സിംഗ്.
തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഖാലിസ്ഥാൻ ഭീകരവാദിയാണ് ഹർദ്ദീപ് സിംഗ് നിജ്ജാർ. ജൂൺ 18 ന് ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് അജ്ഞാതർ നിജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനുമായിരുന്നു നിജ്ജാർ.
Discussion about this post