ന്യൂഡൽഹി: ഡൽഹിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം സംബന്ധിച്ച വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സന്ദർശിക്കുന്നത്.
കേരളം സന്ദർശിക്കാൻ ഉപരാഷ്ട്രപതിയെ ക്ഷണിച്ചതായും അദ്ദേഹം ക്ഷണം സ്വീകരിച്ചതായും താമസിയാതെ കേരളം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post