ന്യൂഡൽഹി: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി ചത്ത സംഭവത്തിൽ വിമർശനവുമായി മുൻകേന്ദ്രമന്ത്രി മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള സമീപനത്തിൽ രാജ്യാന്തര തലത്തിൽ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും മനേക ഗാന്ധി കുറ്റപ്പെടുത്തി.
വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയം. ചത്തത് അത്യപൂർവ ഇനത്തിൽപ്പെട്ട കരടിയാണ്. കിണറ്റിൽ വീണ കരടിയെ മയക്കുവെടി വെക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കരടി കിണറ്റിൽ വീണത്. കിണറിന് മുകളിൽ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പതിച്ചത്. തുടർന്ന് പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വയ്ക്കുകയും കരടി മുങ്ങിപ്പോയി.
കരടിയെ രക്ഷിക്കാൻ വനംവകുപ്പ് ജീവനക്കാർ കിണറിൽ ഇറങ്ങി ശ്രമിച്ചെങ്കിലും ഓക്‌സിജൻ ലഭ്യതക്കുറവും കരടിയുടെ ഉണർന്നാൽ ആക്രമണ സാധ്യതയും മുന്നിൽകണ്ട് ഇവർ കരക്ക് കയറി. തുടർന്ന് വെള്ളം വറ്റിച്ച് രക്ഷിക്കാൻ ശ്രമിച്ചു. ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ ഇറങ്ങി കരടിയെ പുറത്തെത്തിക്കുകയായിരുന്നു.
Discussion about this post