കൊച്ചി: സംസ്ഥാനത്ത് ഏറെ ചർച്ചയായ പെരുമ്പാവൂർ ജിഷ വധക്കേസിലെയും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലേയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവിട്ടു. ഏതെങ്കിലും സാഹചര്യത്തിൽ ഇവരുടെ സാമൂഹ്യ പശ്ചാത്തലം കുറ്റകൃത്യം നടത്താൻ കാരണമായിട്ടുണ്ടോ എന്നത് പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ജയിൽ വകുപ്പിനോട് രണ്ടു കേസുകളിലേയും സ്വഭാവത്തെക്കുറിച്ചും പശ്ചാത്തലത്തേക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ കോടതി തീരുമാനമെടുക്കുക.
2016 ഏപ്രിൽ 28നാണ് നിയമവിദ്യാർത്ഥിനിയായ ജിഷ അതിക്രൂരമായി കൊലപ്പെടുന്നത്.2014 ഏപ്രിൽ 16-നാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ ഇരട്ട കൊലപാതകം നടക്കുന്നത്.ഐടി ജീവനക്കാരായ അനുശാന്തിയും നിനോ മാത്യുവുമാണ് പ്രതികൾ. അനുശാന്തിയുടെ ഭർത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന (57), മകൾ സ്വസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post