ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ സംഘത്തിലെ മേജർ. വേദനയിൽ ആശ്വാസം നൽകിയ ബീനയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന തുർക്കി സ്ത്രീയുടെ ഒറ്റചിത്രം മതിയായിരുന്നു ഇന്ത്യൻ സൈന്യം ദുരന്തഭൂമിയിൽ ചെയ്ത സേവനത്തിന്റെ വില അറിയാൻ.
ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് അയച്ച 99 അംഗ മെഡിക്കൽ സംഘത്തിലെ മെഡിക്കൽ ഓഫീസറായിരുന്നു മേജർ ബീന തിവാരി. ബീനയുടെ പിതാവ് മോഹൻ ചന്ദ്ര തിവാരി കുമോൺ റെജിമെന്റിലെ സുബേദാർ മേജർ ആയിരുന്നു. മുത്തച്ഛൻ ഖിലാനന്ദ് തിവാരിയും അതേ റെജിമെന്റിൽ സുബേദാർ ആയിരുന്നു. ഈ പാരമ്പര്യത്തിൽ നിന്നാണ് സൈന്യത്തിലെത്തണമെന്ന ആഗ്രഹം ബീന തിവാരിയിൽ പൊട്ടിമുളച്ചത്.
തുർക്കിയിലെ ദുരന്തഭൂമിയിലേക്കുളള യാത്രയും അവിടുത്തെ ആദ്യ ദിനങ്ങളും മറക്കാനാകില്ലെന്ന് ബീന തിവാരി പറയുന്നു. 10 -12 മണിക്കൂറിനുളളിലാണ് ആശുപത്രി സജ്ജീകരിക്കാനുളള കിടക്കകൾ അടക്കമുളള സംവിധാനങ്ങളും മെഡിക്കൽ ഉപകരണങ്ങളുമൊക്കെയായി സംഘം യാത്രയ്ക്ക് തയ്യാറായത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ എവിടെ ആശുപത്രി സജ്ജീകരിക്കുമെന്നായിരുന്നു ആദ്യം നേരിട്ട പ്രശ്‌നം. ഒടുവിൽ ഹതായയിലെ ഇസ്‌കെൻഡെറൂണിൽ ഒരു സ്‌കൂൾ കെട്ടിടം കണ്ടെത്തി. അതിന് സമീപം ഒരു ആശുപത്രിയും ഉണ്ടായിരുന്നു.
രണ്ട് മണിക്കൂറിനുളളിൽ 30 കിടക്കകളുളള ആശുപത്രി ഒരുക്കി പരിക്കേറ്റവരെ ചികിത്സിച്ചു തുടങ്ങി. പിന്നീട് ആളുകളുടെ ഒഴുക്കായിരുന്നു. 12 ദിവസം നീണ്ട ദൗത്യത്തിൽ 3600 ലധികം പേർക്ക് ചികിത്സ നൽകിയിട്ടുണ്ടാകുമെന്ന് ബീന തിവാരി പറഞ്ഞു. ഇതിനിടയിലാണ് ചികിത്സയ്‌ക്കെത്തിയ തുർക്കി സ്ത്രീ തന്നെ ആശ്ലേഷിച്ച് നന്ദി പറഞ്ഞത്. അതിന്റെ ചിത്രം സൈന്യത്തിന്റെ സമൂഹമാദ്ധ്യമപേജിലൂടെ പുറത്തുവന്നതോടെ വൈറലാകുകയായിരുന്നു. ഇസിജിയടക്കമുളള മെഡിക്കൽ ഉപകരണങ്ങളും എക്‌സ്‌റേ ഫെസിലിറ്റിയുമൊക്കെ ഉൾപ്പെടുന്നതായിരുന്നു ആശുപത്രി.
ആശുപത്രി സജ്ജീകരിക്കാനും മറ്റ് കാര്യങ്ങൾക്കും പ്രദേശവാസികൾ വലിയ സഹായം ചെയ്തിരുന്നുവെന്നും ബീന പറയുന്നു. ഓരോ ദിവസവും മകളോട് സംസാരിക്കാൻ ഏതാനും നിമിഷം മാത്രമാണ് ലഭിച്ചിരുന്നതെന്ന് അമ്മ ജാൻകി പറയുന്നു. അത്രത്തോളം അർപ്പണമനസോടെയായിരുന്നു ബീനയും സംഘവും തുർക്കിയിൽ ആശ്വാസമായത്. കുടുംബത്തിന് പട്ടാള പാരമ്പര്യമുണ്ടെങ്കിലും മകളുടെ ഭാഗ്യത്തിൽ ഏറെ അഭിമാനമുണ്ടെന്ന് പിതാവും പറഞ്ഞു.
ഡൽഹിയിലെ ആർമി കോളജ് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ബീന തിവാരിയുടെ മെഡിക്കൽ വിദ്യാഭ്യാസം. 2018 ൽ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽ സർവ്വീസിൽ കയറി. ദുബ്രൂഗഢിലായിരുന്നു ആദ്യ പോസ്റ്റിംഗ്.
Discussion about this post